ഒന്നാം ആഷസ് ടെസ്റ്റിന്‍റെ നാലാം ദിനം കാര്യങ്ങൾ എല്ലാം ആസ്ട്രേലിയക്ക് ഒപ്പമായിരുന്നു. മൂന്നാം ദിനത്തിലെ പ്രകടനത്തിന്‍റെ നിഴൽ മാത്രമാണ് ഇംഗ്ലണ്ട് പുറത്തെടുത്ത്. ഫലം ആസ്ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം.
രണ്ടാം ഇന്നിംഗ്‌സ് 297 റൺസിന് അവസാനിപ്പിച്ച ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ വേണ്ട 20 റൺസ് 5.1 ഓവറിനുള്ളിൽ അടിച്ചെടുത്താണ് ഓസീസ് ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആസ്‌ട്രേലിയ ലീഡ് നേടി. ട്രാവിസ് ഹെഡാണ് കളിയിലെ താരം.
സ്‌കോർ: ഇംഗ്ലണ്ട് - 147/10 (50.1), 297/10 (103). ആസ്‌ട്രേലിയ - 425/10 (104.3) 20/1 (5.1).
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ഭേദപ്പെട്ട സ്‌കോറിൽ കളി ആരംഭിച്ച ഇംഗ്ലണ്ടിന് വിക്കറ്റുകൾ അതിവേഗം നഷ്ടപ്പെടുകയായിരുന്നു. നാലു വിക്കറ്റെടുത്ത നഥാൻ ലിയോണാണ് ഇംഗ്ലീഷ് പടയെ വെള്ളം കുടിപ്പിച്ചത്. കഴിഞ്ഞദിവസത്തെ താരങ്ങളായ ജോ റൂട്ട് (89) ഡേവിഡ് മലൻ (82) എന്നിവരെ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ നഷ്ടമായി.
തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴാൻ തുടങ്ങി. ഒല്ലി പോപ് (നാല്), ബെൻ സ്റ്റോക്‌സ് (14), ജോസ് ബട്ട്‌ലർ (23) എന്നിവർ കാര്യമായൊന്നും ചെയ്യാതെ കൂടാരം കയറി. ഇടവേളക്കു മുേമ്പ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചു. കമ്മിൻസ്, ഗ്രീൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിനും ഹെസൽവുഡിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് അലക്സ് കാരിയുടെ വിക്കറ്റാണ് നഷ്ടമായത്.
നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 147 റൺസിൽ അവസാനിച്ചപ്പോൾ, 425 റൺസെന്ന കൂറ്റൻ സ്‌കോറായിരുന്നു ആതിഥേയർ ഉയർത്തിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡ് (152) സെഞ്ച്വറി നേടിയപ്പോൾ, വാർണർ (94), ലബുഷാനെ (74) എന്നിവർ മികച്ച പിന്തുണ നൽകി. അഡ്‌ലെയിഡിൽ ഡിസംബർ 16 മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.