കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പേസർ ആവേശ് ഖാനെ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിയുടെ പരിക്ക് മാറാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഷമിക്ക് കളിക്കാനായിരുന്നില്ല. കേപ്ടൗണിൽ ജനുവരി മൂന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും ഇറങ്ങാനാവില്ലെന്ന് ഉറപ്പായതോടെയാണ് ആവേശ് ഖാന് അവസരം ലഭിച്ചത്.
ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ആവേശ് ഖാൻ ടീമിന്റെ ഭാഗമായിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരത്തിൽ കളിക്കുന്ന താരം ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 149 വിക്കറ്റ് നേടിയിട്ടുണ്ട്.
ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ നാണംകെട്ടിരുന്നു. ഇന്നിങ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ഇന്നിങ്സിൽ 408 റൺസ് നേടിയ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 245 റൺസിന് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ 131 റൺസിന് കൂടാരം കയറി. രണ്ടാം ഇന്നിങ്സിൽ 76 റൺസെടുത്ത വിരാട് കോഹ്‍ലിക്ക് പുറമെ ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെ.എസ് ഭരത്, അഭിമന്യൂ ഈശ്വരൻ, ആവേശ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.