പെർത്ത്: നിർണായക മത്സരം കൈവിട്ടുകളയാൻ മനസ്സില്ലെന്ന് വ്യക്തമാക്കിയാണ് ജസ്പ്രീത് ബുംറയുടെ നായകത്വത്തിലിറങ്ങിയ ടീം ഇന്ത്യ പെർത്ത് ടെസ്റ്റിന്‍റെ ഒന്നാം ദിനം കളി നിർത്തിയത്. പേസ് ബോളർമാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചിൽ 17 ബാറ്റർമാരാണ് വെള്ളിയാഴ്ച പിടഞ്ഞുവീണത്. ആദ്യം ഓസീസ് പ്രഹരത്തിൽ ഇന്ത്യൻ നിര തകർന്നടിഞ്ഞപ്പോൾ, അതേനാണയത്തിൽ തിരിച്ചടിക്കുന്ന സമീപനമാണ് ബുംറയും സംഘവും പുറത്തെടുത്തത്. 67 റൺസ് നേടുന്നതിനിടെ ഏഴ് ഓസീസ് വിക്കറ്റുകളാണ് ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ പിഴുതത്. നിലവിൽ 83 റൺസിന് പിന്നിൽ നിൽക്കുന്ന ആസ്ട്രേലിയയെ വേഗത്തിൽ പുറത്താക്കി മത്സരത്തിൽ പിടിമുറുക്കുകയെന്ന ലക്ഷ്യമാണ് രണ്ടാം ദിനം ഇന്ത്യക്ക് മുന്നിലുള്ളത്.
ബോർഡർ ഗവാസ്കർ ട്രോഫിക്കായി ആസ്ട്രേലിയയിലെത്തിയ ടീം ഇന്ത്യ, ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ നായകനായ ജസ്പ്രീത് ബുംറയുടെ തീരുമാനം പാളിയെന്ന് തോന്നുന്ന നിലയിലായിരുന്നു ഇന്ത്യയുടെ ഇന്നിങ്സ് തുടങ്ങിയത്. മുൻനിരയിലെ രണ്ട് ബാറ്റർമാർ സംപൂജ്യരായി മടങ്ങുന്ന കാഴ്ചയോടെയാണ് പെർത്ത് ടെസ്റ്റ് ആരംഭിച്ചത്. ഓസീസ് പേസർമാർ ഇന്ത്യൻ ബാറ്റിങ് നിരയെ ഇടംവലം തിരിയാൻ അവസരം നൽകാതെ വരിഞ്ഞു മുറുക്കി.
50-ാം ഓവറിൽ 150 റൺസിൽ ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. ഒരുഘട്ടത്തിൽ മൂന്നക്കം തികക്കില്ലെന്ന് കരുതിയ ടീം ഇന്ത്യക്ക് തുണയായത് അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയുടെ (41) ഇന്നിങ്സാണ്. ന്യൂസിലൻഡിനെതിരെ പരമ്പര പൂർണമായും കൈവിട്ട ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് യോഗ്യത നേടാൻ ഓസീസിനെതിരെ ജയം നേടിയേ മതിയാകൂ. അങ്ങനെയിരിക്കെയാണ് ഓസീസ് പേസർമാർ തനിനിറം കാണിച്ചത്. പത്ത് വിക്കറ്റുകളും ഒന്നൊഴിയാതെ പിഴുതത് ഫാസ്റ്റ് ബോളർമാരാണ്. ഓസീസ് മണ്ണിൽ വീണ്ടും ഇന്ത്യ പരാജയത്തിലേക്കെന്ന് സംശയിച്ച ആരാധകർക്ക് പ്രതീക്ഷ പകരുന്ന പ്രകടനം പിന്നീടാണ് പെർത്തിൽ അരങ്ങേറിയത്.
ബാറ്റിങ്ങിൽ തകർന്ന ഇന്ത്യ, തങ്ങളുടെ പോരാട്ടം മറ്റൊരു തലത്തിലേക്ക് ഉയർത്തി. ബുംറ ആരംഭിച്ച വിക്കറ്റ് വേട്ട പിന്നാലെ മുഹമ്മദ് സിറാജും ഹർഷിത് റാണയും ഏറ്റെടുത്തു. ഇന്ത്യൻ പേസ് വീര്യത്തിനു മുന്നിൽ അഞ്ച് ഓസീസ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. അവസാന സെഷനും പൂർത്തിയാകുമ്പോൾ ഏഴ് ഓസീസ് ബാറ്റർമാരെ ഇന്ത്യൻ ബോളർമാർ കൂടാരം കയറ്റി. ഇതിൽ നാലും ബുംറയുടെ വകയായിരുന്നു. ശേഷിച്ച മൂന്നിൽ രണ്ടെണ്ണം സിറാജും ഒന്ന് ഹർഷിതും പോക്കറ്റിലാക്കി. ഇതേ ഫോമിൽ തുടർന്നാൽ ശനിയാഴ്ച ആദ്യ സെഷനിൽ തന്നെ ഓസീസ് ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇന്ത്യക്കാകും. രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർ കളി മറക്കാതിരുന്നാൽ പെർത്ത് ടെസ്റ്റിൽ ജയവും ഇന്ത്യക്കൊപ്പമാകുമെന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.