പെർത്ത്: ഇന്ത്യ-ആസ്ട്രേലിയ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന്‍റെ ലീഡ്. ആദ്യ ഇന്നിങ്സിൽ 104 റൺസിനാണ് ആസ്ട്രേലിയ ഓളൗട്ടായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസായിരുന്നു സ്വന്തമാക്കിയത്. രണ്ടാം ദിനം മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും അവസാന വിക്കറ്റിൽ ഉറച്ചുനിന്ന് ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചുവെങ്കിലും ഇന്ത്യ മോശമല്ലാത്ത ലീഡ് സ്വന്തമാക്കുകയായിരുന്നു.
അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറയാണ് ആസ്ട്രേലിയൻ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്. ആദ്യ ദിനം നാല് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ദിനം തുടക്കം തന്നെ അലക്സ് കാരിയെ പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. 18 ഓവർ പന്തെറിഞ്ഞ ബുംറ 30 റൺസ് വഴങ്ങിയാണ് അഞ്ച് ഓസീസ് ബാറ്റർമാരെ പറഞ്ഞയച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ 11ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്.
അതോടൊപ്പം ആസ്ട്രേലിയൻ മണ്ണിൽ എല്ലാ ഫോർമാറ്റിൽ നിന്നുമായി 50 വിക്കറ്റിന് മുകളിൽ സ്വന്തമാക്കാൻ സാധിച്ചു. സെനാ രാജ്യങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡും ബുംറയെ തേടിയെത്തുന്നുണ്ട്. ഏഴ് തവണയാണ് അദ്ദേഹം സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനൊപ്പമാണ് താരം ഈ റെക്കോഡ് പങ്കിടുന്നത്. മുൻ പേസർ സഹീർ ഖാൻ ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈക്കലാക്കിയിട്ടുണ്ട്. ബി ചന്ദ്രശേഖറും ആറ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
മൂന്നാം ഓവറിൽ നഥാൻ മക്സ്വീനിയെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് ബുംറ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. പിന്നീട് ഒരോവറിൽ ഉസ്മാൻ ഖവാജെയെയും സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കികൊണ്ട് ബുംറ കങ്കാരുക്കൾക്ക് വിനാശം വിതച്ചു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയായിരുന്നു ബുംറ ആദ്യ ദിനം അവസാനം പുറത്താക്കിയത്. രണ്ടാം ദിനത്തിൽ കാരിയയെയും പുറത്താക്കിക്കൊണ്ട് താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.