'ആ കാറപകടം ദോഷത്തേക്കാൾ കൂടുതൽ അവന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂ'; ഋഷഭ് പന്തിന്‍റെ പരിക്കിനെ കുറിച്ച് മുൻ സെലക്ടർ

2022ൽ കരിയറിന്‍റെ മികച്ച ഒരു പോയിന്‍റിൽ നിൽക്കുമ്പോഴായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് കാറപകടം സംഭവിക്കുന്നത്. അപകടത്തിൽ ഒരുപാട് പരിക്കുകൾ പറ്റിയ താരത്തിന് ഒരു വർഷത്തോളം കരിയർ ബ്രേക്ക് എടുക്കേണ്ടി വന്നു. എന്നാൽ ഈ പരിക്കും ഇടവേളയും താരത്തിന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂ എന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ചീഫ് സെലക്ടറുമായിരുന്ന എം.എസ്.കെ പ്രസാദ്.

ആ കാറപകടമാണ് പന്തിന്‍റെ കരിയറിലെ വഴിത്തിരിവ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ദൈവം പന്തിന് രണ്ടാം ജന്മം നൽകിയെന്നും ആ പരിക്കിന്‍റെ കാലം അവന് ദോഷത്തേക്കാൾ ഗുണമാണ് ചെയ്തതെന്നും എം.എസ്.കെ പ്രസാദ് പറയുന്നു.

'പരിക്കിന് ശേഷം അവൻ കൂടുതൽ ഉത്തരവാദിത്തമുള്ളവനായി. ആത്മപരിശോധന നടത്താന്‍ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് ലഭിച്ചത്. ദൈവം അവന് ഒരു രണ്ടാം ജന്മം നല്‍കുകയായിരുന്നു അവന്‍ അത് തിരിച്ചറിയുകയും ചെയ്തു. നിലവിൽ ആ തിരിച്ചറിവ് അവന്റെ കളിയിലും ജീവിതത്തിലും പ്രതിഫലിക്കുന്നുണ്ട്. അവന്‍ സര്‍ഫറാസുമായി സംസാരിക്കുന്ന രീതിയിലും ലോഫ്റ്റഡ് ഷോട്ടുകള്‍ കളിക്കാന്‍ സര്‍ഫറാസിനെ പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം നമുക്കത് കാണാൻ സാധിക്കും. അവൻ സ്ട്രൈക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്നു, പെപ് ടോക്ക് നടത്തുന്നു, ശബ്ദമുയർത്തുന്നു, അങ്ങനെ എല്ലാ തരത്തിലും പന്ത് സർഫറാസിനെ നയിക്കുകയായിരുന്നു.

പരിക്കിന് ശേഷമുള്ള വിശ്രമകാലഘട്ടം പന്തിനെ ഒരുപാട് പഠിപ്പിച്ചു. ഒരാളുടെ കരിയറിലെ ചില ഘട്ടങ്ങളില്‍ എപ്പോഴും ഒരു വഴിത്തിരിവുണ്ടാകും. ആ പരിക്ക് ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണമാണ് പന്തിന് ചെയ്തത്', പ്രസാദ് പറഞ്ഞു.

പന്ത് കൂടുതൽ ഫിലോസിഫിക്കലായെന്നും ജീവിതത്തെ കുറച്ചുകൂടി പക്വതയോടെ നേരിടാൻ തുടങ്ങിയെന്നും പ്രസാദ് കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പരിക്കിനെ പോലും വകവെക്കാതെ ബാറ്റ് വീശിയ പന്ത് 99 റൺസ് സ്വന്തമാക്കിയിരുന്നു. 

Tags:    
News Summary - msk prasad says that car accident helped rishab pant more than damage to him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.