ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ മെയ്ക് മൈ ട്രിപ് (MakeMyTrip) പങ്കുവെച്ച പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ബാബർ അസമും സംഘവും ഇന്ത്യയോട് തോറ്റാൽ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യമാണ് അവർ പ്രസിദ്ധീകരിച്ചത്. പാകിസ്താൻ ആരാധകരെ ട്രോൾ ചെയ്യുന്ന രീതിയിലാണ് പരസ്യം.
"പാകിസ്താൻ ആരാധകർക്കുള്ള ഒരു തുറന്ന ക്ഷണം," പരസ്യത്തിന്റെ ആദ്യ വരി ഇങ്ങനെയാണ്. ഒരു ചെറിയ ആമുഖത്തിന് ശേഷമാണ് വിവാദമായ ‘ഡിസ്കൗണ്ട് ട്രോൾ’ വരുന്നത്.
“പാക്കിസ്ഥാൻ 10 വിക്കറ്റിന് അല്ലെങ്കിൽ 200 റൺസിന് തോറ്റാൽ, 50% കിഴിവ് നേടൂ. - എന്നാണ് ആദ്യത്തെ ഓഫറിൽ പറയുന്നത്. അത് ലഭിക്കുന്നതിനായി BoysPlayedWell കോഡ് ഉപയോഗിക്കാനും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, 6 വിക്കറ്റ് അല്ലെങ്കിൽ 100 റൺസിനാണ് പാകിസ്താൻ തോൽക്കുന്നതെങ്കിൽ, 30 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. അതിനുള്ള കോഡ്: EkShaheenHaar. 3 വിക്കറ്റ് അല്ലെങ്കിൽ 50 റൺസിന് തോറ്റാൽ, 10 ശതമാനമാണ് കിഴിവ്. കോഡ് : NoMaukaMauka."
പാക് ജഴ്‌സി ധരിച്ച് ബർഗറും പിസ്സയും ആസ്വദിക്കുന്ന ഒരു കൂട്ടം യുവാക്കളെയാണ് പരസ്യത്തിൽ കാണിക്കുന്നത്. ‘disappointed man’ എന്ന് ഇന്റർനെറ്റിൽ അറിയപ്പെടുന്ന പാകിസ്താനി മീം, ക്രിക്കറ്റ് ബാൾ കൊണ്ട് തകർന്ന ടിവി സ്ക്രീൻ എന്നിവ പശ്ചാത്തലത്തിൽ കാണാം.
അതേസമയം, മെയ്ക് മൈ ട്രിപ് സൃഷ്ടിച്ച ഈ പരസ്യം കുറച്ച് ഓവറായിപ്പോയി എന്നാണ് നെറ്റിസൺസ് പറയുന്നത്. “ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, @makemytrip -ന്റെ ഭാഗത്ത് നിന്നുള്ള പരസ്യത്തിന് എല്ലാ പാക്കിസ്താനികളോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. അത് ഇന്ത്യൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. - ഇങ്ങനെയായിരുന്നു ഒരാൾ ട്വീറ്റ് ചെയ്തത്.
@makemytrip -ന്റെ ഭാഗത്ത് നിന്നുള്ള വളരെ ദയനീയമായ ഒന്ന്. നിങ്ങളുടെ ബ്രാൻഡിനെ കുറിച്ച് എന്തൊരു മോശം കാഴ്ചയാണിത് നൽകുന്നത്. സ്‍പോർട്സ്മാൻഷിപ്പോ, ഡീസൻസിയോ ഇല്ല... മതഭ്രാന്തരായ എസ്എം ട്രോളുകൾക്കുള്ള ബ്രാൻഡ് - മാധ്യമ പ്രവർത്തകയായ സ്വാതി ചതുർവേദി എക്സിൽ കുറിച്ചു. അതേസമയം, മെയ്ക് മൈ ട്രിപ്പിനെ അഭിനന്ദിച്ച് കൊണ്ടുള്ള നിരവധി ട്വീറ്റുകളാണ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.