റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ബാൾബോയിയുടെ ‘പ്രകടനം’ കണ്ട് കമന്ററി ബോക്സിൽ ‘ഉപദേശ’വുമായി രവിശാസ്ത്രി. ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്ത് നിൽക്കെയാണ് ബൗണ്ടറി ലൈനിനരികിൽ ഉറങ്ങുകയായിരുന്ന ബാൾ ബായിയുടെ നേരെ കാമറ തിരിഞ്ഞത്. ഇതോടെ കാണികൾ കൂട്ടച്ചിരിയായി. കമന്ററി ബോക്സിലുണ്ടായിരുന്ന രവിശാസ്ത്രിയും വിഷയത്തിൽ ഇടപെട്ടു. ‘അയാൾ നല്ല ചായ കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു’ എന്നായിരുന്നു ശാസ്ത്രിയുടെ ആദ്യ പ്രതികരണം.
ആൾക്കൂട്ടത്തിന്റെ ബഹളം കേട്ട് ബാൾബോയ് എഴുന്നേറ്റു. എന്നാൽ, അവൻ ചരിഞ്ഞുകിടന്ന് കോട്ടുവായിടുകയും വെള്ളക്കുപ്പിയെടുത്ത് കറക്കുകയും ശരീരത്തിൽ ചൊറിയുകയും ചെയ്തു. ഇതോടെ ശാസ്ത്രി കൂടുതൽ ‘ഫോമിലായി’. ‘ഉണരുക, ഉണരുക! ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ക്രിക്കറ്റ് രസകരമായി വരുന്നു’ -എന്നിങ്ങനെയായിരുന്നു ശാസ്ത്രിയുടെ തുടർപ്രതികരണം. ബാൾ ബോയിയുടെ ഉറക്കവും രവിശാസ്ത്രിയുടെ കമന്റുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം കളിനിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ്. വൻ തകർച്ചയിലേക്ക് നീങ്ങിയ സന്ദർശകരെ ജോ റൂട്ടിന്റെ സെഞ്ച്വറിയാണ് ട്രാക്കിൽ കയറ്റിയത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 112 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോണി ബെയർസ്റ്റോ (38), വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്സ് (47), ഒലീ റോബിൻസൺ (പുറത്താകാതെ 31) എന്നിവരുടെ പിന്തുണയോടെ ജോ റൂട്ട് കരകയറ്റുകയായിരുന്നു. ഓപണർ സാക് ക്രോളി (42) ഏകദിന ശൈലിയിൽ തുടങ്ങിയപ്പോൾ ബെൻ ഡക്കറ്റ് (11), ഒലീ പോപ് (0), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (3), ടോം ഹാർട്ട്‍ലി (13) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ആദ്യ മൂന്ന് വിക്കറ്റും വീഴ്ത്തി അരങ്ങേറ്റക്കാരൻ ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചപ്പോൾ മുഹമ്മദ് സിറാജ് രണ്ടും രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.