ചെന്നൈ: തുടർച്ചയായ മൂന്നാംജയവുമായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ജൈത്രയാത്ര തുടരുന്നു. ബൗളർമാർ അരങ്ങുവാണിരുന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം ബാറ്റിങ് കരുത്തിന് വഴിമാറിയ മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 166 റൺസിലവസാനിക്കുകയായിരുന്നു. 31 റൺസെടുത്ത ആന്ദ്രേ റസൽ ഒന്ന് പേടിപ്പിച്ചെങ്കിലും ബാംഗ്ലൂർ ബൗളർമാർ അനായാസം കളി വരുതിയിലാക്കുകയായിരുന്നു. മൂന്നുമത്സരങ്ങളിൽ നിന്നും മൂന്നും വിജയിച്ച ബാംഗ്ലൂർ പോയന്‍റ് പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ കൊൽക്കത്തക്കിത് രണ്ടാം തോൽവിയാണ്.
കൊൽക്കത്ത ബാറ്റിങ് നിരയിൽ മിക്കവർക്കും നല്ല തുടക്കം ലഭിച്ചെങ്കിലും മികച്ച സ്കോറിലേക്കെത്താനായില്ല. നിതിഷ് റാണ (18), ശുഭ്മാൻ ഗിൽ (21), രാഹുൽ ത്രിപതി (25), ഓയിൻ മോർഗൻ(29), ദിനേഷ് കാർത്തിക് (2), ഷാക്കിബ് അൽ ഹസൻ (26) എന്നിങ്ങനെയാണ് കൊൽക്കത്ത ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ബാംഗ്ലൂരിനായി കൈൽ ജാമിസൺ മൂന്നും യൂസ്വേന്ദ്ര ചാഹൽ, ഹാർഷൽ പേട്ടൽ എന്നിവർ രണ്ട്വിക്കറ്റ് വീതവും വീഴ്ത്തി.
ഡാനിയൽ ക്രിസ്റ്റ്യനെ പുറത്തിരുത്തിയ ബാംഗ്ലൂർ 3 വിദേശ താരങ്ങളുമായാണ് കളിക്കാനിറങ്ങിയത്.ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ആശങ്കയോടെയാണ് തുടങ്ങിയത്. നായകൻ വിരാട് കോഹ്ലിയും (5) രജത് പട്ടീഥാറും വേഗം മടങ്ങി. എന്നാൽ ദേവ്ദത്ത് പടിക്കലിനെ (28 പന്തിൽ 25) കൂട്ടുപിടിച്ച് െഗ്ലൻ മാക്സ്വെൽ (49പന്തിൽ 78) ബാംഗ്ലൂരിനെ പൊക്കിയെടുക്കുകയായിരുന്നു. ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത മാക്സ്വെല്ലിൻെറ ബാറ്റിൽ നിന്നും റൺസൊഴുകിയതോടെ കൊൽക്കത്ത ബൗളർമാർ വിയർത്തു. മാക്സ്വെല്ലിനു കൂട്ടായെത്തിയ എ.ബി ഡിവില്ലിയേഴ്സും (34 പന്തിൽ 76) എത്തിയതോടെ കൊൽക്കത്ത നായകൻ മോർഗൻ സംഭവിക്കരുതെന്ന് പ്രാർഥിച്ചത് തന്നെ നടന്നു. സ്ഫോടനാത്മക ബാറ്റിങ്ങുമായി ഇരുവരും നിറഞ്ഞാടിയതോടെ ബാംഗ്ലൂർ സ്കോർ 200ഉം പിന്നിട്ടുകുതിക്കുകയായിരുന്നു. മാക്സ്വെല്ലും ഡിവില്ലിയേഴ്സും മൂന്ന് സിക്സറുകളും ഒൻപത് ബൗണ്ടറികളും വീതം അടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.