രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും

മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി കിരീടത്തിനരികെയെത്തിച്ച ദേശീയ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്റെ കരാർ ദീർഘിപ്പിക്കുന്നതായി ബി.സി.സി.ഐ അറിയിച്ചു. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, എത്ര വർഷത്തേക്കാണ് തുടരുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് ബി.സി.സി.ഐയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരക്ക് വി.വി.എസ്. ലക്ഷ്മണെ ബി.സി.സി.ഐ പരിശീലകനായി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരമുതൽ ദ്രാവിഡ് വീണ്ടും പരിശീലക കുപ്പായത്തിൽ തിരിച്ചെത്തുമെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്.

ദ്രാവിഡിന്റെ പരിശീലനത്തിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ റണ്ണേഴ്സ് അപ്പായത്. കഴിഞ്ഞ രണ്ട് വർഷവും രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്ന് ബി.സി.സി.ഐ വിലയിരുത്തുന്നു. ലോകകപ്പിൽ തുടർച്ചയായ 10 ജയങ്ങളുമായി സമാനതകളില്ലാത്ത പ്രകടനമാണ് രോഹിത് സംഘം നടത്തിയത്. എതിരാളികൾക്ക് പഴുതേതും നൽകാതെ സെമി കടന്ന ടീം പക്ഷേ, ആസ്ട്രേലിയക്ക് മുന്നിൽ മുട്ടുകുത്തി.

കഴിഞ്ഞയാഴ്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലും കരാറിന് അന്തിമ രൂപമായിരുന്നില്ല. തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം ഇന്ത്യയെ പരിശീലിപ്പിക്കാൻ രാഹുലിനെതന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദ്രാവിഡിന്റെ കരാർ നീട്ടാൻ ബി.സി.സി.സി.ഐ തീരുമാനം.

2021ലെ ട്വന്റി20 ലോകകപ്പിനുശേഷം രവിശാസ്ത്രിയുടെ പിൻഗാമിയായാണ് ദ്രാവിഡ് ചുമതലയേറ്റിരുന്നത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അടുത്തിടെ ടീം ഇന്ത്യ റണ്ണേഴ്സ് അപ്പായി.

ദ്രാവിഡിനെ നിലനിർത്തിയതിനൊപ്പം ബാറ്റിങ് കോച്ച് വിക്രം റാഥോർ, ബൗളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി. ദിലീപ് എന്നിവരും തുടരും. അടുത്തവർഷം ജൂൺ-ജൂലൈയിൽ വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ ദ്രാവിഡും സംഘവും തുടരും. ഇതോടെ പകരക്കാരനാകുമെന്ന് കരുതിയിരുന്ന വി.വി.എസ്. ലക്ഷ്മൺ ഇന്ത്യയുടെ പരിശീലനമടക്കം ചുമതലകളിലേക്ക് മാറും.

Tags:    
News Summary - BCCI extends contract of India head coach Rahul Dravid and support staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.