വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേൽ; പന്തിന്‍റെ പരിക്ക് ഗുരുതരമോ? പരിശോധിക്കുകയാണെന്ന് ബി.സി.സി.ഐ

ബംഗളൂരു: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാംദിനത്തിലും പരിക്കേറ്റ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറേലാണ് കളത്തിലിറങ്ങിയത്.

വ്യാഴാഴ്ച വിക്കറ്റ് കീപ്പിങ്ങിനിടയിലാണ് പന്തിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. കാറപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയകള്‍ നടത്തിയ വലതുകാലിൽ പന്ത് കൊണ്ട് പരിക്കേറ്റതോടെയാണ് താരം ഗ്രൗണ്ട് വിട്ടത്. പകരക്കാരനായി ജുറേലാണ് പിന്നീട് എത്തിയത്. വിക്കറ്റ് കീപ്പറായി പന്തുണ്ടാകില്ലെന്ന് ബി.സി.സി.ഐ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ ആരോഗ്യനില വൈദ്യസംഘം പരിശോധിച്ചുവരികയാണെന്നും ബി.സി.സി.ഐ കൂട്ടിച്ചേർത്തു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37ാം ഓവറിൽ രവീന്ദ്ര ജദേജ എറിഞ്ഞ പന്ത് ഋഷഭിന്റെ ഇടതു കാല്‍മുട്ടിലാണ് വന്നിടിച്ചത്.

പന്തിന്‍റെ കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിട്ടുണ്ടെന്നും താരത്തിന് വെള്ളിയാഴ്ച കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശർമ മത്സരശേഷം പ്രതികരിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ 49 പന്തിൽ 20 റൺസെടുത്ത പന്താണ് ഇന്ത്യൻ ടീമിന്‍റെ ടോപ് സ്കോറർ. താരത്തിന്‍റെ പരിക്ക് ഗുരുതരമാണെങ്കിൽ ടീമിന് വലിയ തിരിച്ചടിയാകും. പന്തിനു പകരം ജുറേൽ കീപ്പ് ചെയ്യുന്നുണ്ടെങ്കിലും ബാറ്റിങ്ങിന് ഇറങ്ങാൻ സാധിക്കില്ല. പുതിയ നിയമം അനുസരിച്ച്, ഒരു ടെസ്റ്റ് മത്സരത്തിനിടെ വിക്കറ്റ് കീപ്പർക്ക് പരുക്കേറ്റാൽ, അമ്പയർ പരുക്ക് കണക്കിലെടുത്ത് ഒരു പകരക്കാരനെ കളത്തിലിറങ്ങാൻ അനുവദിക്കും.

എന്നാൽ, ബാറ്റ് ചെയ്യാനാകില്ല. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനും പന്ത് ഫിറ്റല്ലെങ്കിൽ ബാറ്റിങ്ങിൽ ഒരാൾ കുറയും. മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 2022 ഡിസംബറിൽ ഋഷഭ് പന്ത് ഓടിച്ച വാഹനം ഡല്‍ഹി-ഡെറാഡൂൺ ഹൈവേയില്‍വെച്ച് ഡിവൈഡറിലിടിച്ചാണ് ഗുരുതര പരിക്കേറ്റത്. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

അതേസമയം, മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡിന് ഏഴു വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 68 ഓവറിൽ 240 റൺസെടുത്തിട്ടുണ്ട്. ലീഡ് 194 റൺസായി. മൂന്നിന് 180 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സന്ദർശകർക്ക് 60 റൺസ് കൂട്ടി ചേർക്കുന്നതിനിടെയാണ് നാലു വിക്കറ്റുകൾ കൂടി നഷ്ടമായത്. രവീന്ദ്ര ജദേജ രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റുകളും നേടി. 48 റൺസുമായി രചിൻ രവീന്ദ്രയും നാലു റൺസുമായി ടീം സൗത്തിയുമാണ് ക്രീസിലുള്ളത്. 

Tags:    
News Summary - BCCI Gives Medical Update On Rishabh Pant's Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.