മുംബൈ: രഞ്ജി ട്രോഫി കളിക്കാതെ മുങ്ങിനടക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി ബി.സി.സി.ഐ. ഫോമില്ലായ്മയുടെ പേരിൽ ടീമിന് പുറത്താകുന്ന താരങ്ങളോട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കാൻ ഇറങ്ങണമെന്ന് ബി.സി.സി.ഐ നിർദേശമുണ്ട്.
എന്നാൽ, പല താരങ്ങളും രഞ്ജി കളിക്കാതെ ഇപ്പോൾ തന്നെ ഐ.പി.എല്ലിന് തയാറെടുക്കുന്നതാണ് ബി.സി.സി.ഐയുടെ അതൃപ്തിക്കു കാരണം. മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെല്ലാം രഞ്ജിയിലൂടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള കഠിന ശ്രമത്തിലാണ്. പൂജാര ഇതിനകം തന്നെ ഏതാനും സെഞ്ച്വറി നേടി മികച്ച ഫോമിലാണ്. രഞ്ജിയിൽ കളിക്കണമെന്ന നിര്‍ദേശം വരും ദിവസങ്ങളില്‍ കളിക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കായികക്ഷമതയുള്ള താരങ്ങൾ സംസ്ഥാനങ്ങൾക്കായി രഞ്ജിയിൽ കളിക്കാനിറങ്ങുന്നത് കർശനമായി നടപ്പാക്കാനാണ് ബി.സി.സി.ഐ തീരുമാനം. പരിക്ക് മൂലം കളിക്കാന്‍ കഴിയാത്തവര്‍ക്കും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ളവര്‍ക്കും മാത്രമാണ് രഞ്ജി കളിക്കുന്നതില്‍ ബി.സി.സി.ഐ ഇളവ് നൽകുന്നത്. ഫിറ്റല്ലാത്ത താരങ്ങളോട് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെത്തി പരിശീലനം നേടാനും ആവശ്യപ്പെടും. ജനുവരിയിൽ തന്നെ ഐ.പി.എല്ലിനായി താരങ്ങൾ തയാറെക്കുന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽനിന്ന് വിശ്രമം എടുത്ത് പുറത്തുപോയ വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷൻ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ചേർന്ന് ഐ.പി.എല്ലിന് തയാറെടുക്കുകയാണ്. ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് നിർദേശിച്ചിട്ടും കിഷൻ രഞ്ജി കളിക്കാതെ വിട്ടുനിൽക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുന്നവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ തിരിച്ചുവരാനാകൂ എന്നാണ് ദ്രാവിഡിന്‍റെ നിലപാട്. നിർദേശം കർശനമാക്കിയാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും കിഷനുമെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.