ദുബൈ: ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെ പോയ മാസത്തെ ഏറ്റവും മികച്ച കളിക്കാരനായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തെരഞ്ഞെടുത്തു. ഒരു വർഷത്തിലേറെ കാലം പരിക്ക് മൂലം പുറത്തിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന്‍റെ മികവിലാണ് മാർച്ച് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായത്.
ഈ വർഷം ജനുവരിയിൽ തുടങ്ങിയ 'പ്ലെയർ ഓഫ് ദ മന്ത്' തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കുന്നത്. ജനുവരിയിൽ ഋഷഭ് പന്തും ഫെബ്രുവരിയിൽ ആർ. അശ്വിനുമായിരുന്നു താരങ്ങൾ.
മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ 4.65 എക്കോണമിയിൽ ആറ് വിക്കറ്റുകളാണ് 31കാരനായ ഭുവനേശ്വർ സ്വന്തമാക്കിയത്. ആവേശകരമായിരുന്ന ട്വന്‍റി20 പരമ്പരയിൽ 6.38 എക്കോണമിയിൽ നാലുവിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
പവർപ്ലേ, ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചും വിക്കറ്റ് വേണ്ടഘട്ടങ്ങളിൽ ബ്രേക്ക്ത്രൂ നൽകിയുമാണ് ശക്തരായ ഇംഗ്ലണ്ടിനെ തറപറ്റിക്കാൻ ഭുവി ഇന്ത്യയെ സഹായിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ലിസല്ലെ ലീയാണ് ഏറ്റവും മികച്ച വനിത താരം. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ലീ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും നേടിയിരുന്നു. ഇന്ത്യയുടെ രാജേശ്വരി ഗെയ്ക്വാദും പൂനം റാവത്തും പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഭുവനേശ്വറിനെ കൂടാതെ അഫ്ഗാനിസ്താൻ ലെഗ് സ്പിന്നർ റാശിദ് ഖാനും സിംബാബ്വെയുടെ സീൻ വില്യംസുമായിരുന്നു പുരുഷ വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്.
കലണ്ടർ മാസം കളിക്കളത്തിലെ പ്രകടനത്തിന്‍റെ മികവിൽ മൂന്ന് കളിക്കാരെയാണ് ഷോർട്ലിസ്റ്റ് ചെയ്യുന്നത്. ഇതിൽ നിന്നും മികച്ച കളിക്കാരനെ ഐ.സി.സി വോട്ടിങ് അക്കാദമിയും ലോകത്തെമ്പാടുമുള്ള ആരാധകരും ചേർന്നാണ് തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.