ഡബ്ലിന്‍: ട്വന്‍റി20 ലോകകപ്പിന് പ്രതീക്ഷയോടെ തയാറെടുക്കുന്ന പാകിസ്താൻ ടീം, ക്രിക്കറ്റിലെ ഇത്തിരി കുഞ്ഞന്മാരായ അയർലൻഡിനു മുന്നിൽ വീണു. ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് പാകിസ്താന്‍റെ തോൽവി. കരുത്തരായ പാകിസ്താനെതിരെ ട്വന്‍റി20 ക്രിക്കറ്റിൽ അയർലൻഡിന്‍റെ ആദ്യ ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ഒരു പന്ത് ബാക്കി നിൽക്കെ, അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ ലക്ഷ്യത്തിലെത്തി. സ്കോര്‍: പാകിസ്താൻ -20 ഓവറില്‍ ആറിന് 182. അയര്‍ലന്‍ഡ് 19.5 ഓവറില്‍ അഞ്ചിന് 183. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള പാകിസ്താന്‍റെ ഫുൾ ടീം കളിക്കാനിറങ്ങിയിട്ടും മത്സരം കൈവിട്ടത് നായകൻ ബാബർ അസമിനെയും സംഘത്തെയും ഞെട്ടിച്ചു.
ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി പാകിസ്താൻ ടീം കഴിഞ്ഞ മാസം സൈനികര്‍ക്കൊപ്പം കഠിന പരിശീലനം നടത്തിയിരുന്നു. ഇതിനുശേഷം നടന്ന ആദ്യ മത്സരത്തിൽതന്നെ പരാജയപ്പെട്ടതോടെ ടീമിനെ ട്രോളി ആരാധകർ രംഗത്തെത്തി. ഒപ്പണർ ആന്‍ഡി ബാല്‍ബൈറിന്‍ ബാറ്റിങ്ങാണ് (55 പന്തിൽ 77 റൺസ്) അയർലൻഡിന്‍റെ വിജയത്തിൽ നിർണായകമായത്. നായകൻ പോള്‍ സ്റ്റെര്‍ലിങ്ങിനെയും (എട്ട്), ലോര്‍കാന്‍ ടക്കറെയും (നാല്) തുടക്കത്തിലെ നഷ്ടമായെങ്കിലും ഹാരി ടെക്ടറെ കൂട്ടുപിടിച്ച് ബാല്‍ബൈറിന്‍ 13ാം ഓവറില്‍ ടീം സോക്ർ 100 കടത്തി. 27 പന്തിൽ 36 റൺസെടുത്താണ് ടെക്ടർ പുറത്തായത്. ജോർജ് ഡോക്രെൽ 12 പന്തിൽ 24 റൺസെടുത്തു. അവസാന നാലു ഓവറിൽ 40 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. പേരുകേട്ട പേസർമാരായ ഷഹീൻ അഫ്രീദിയെയും നസീം ഷായെയും സധൈര്യം നേരിട്ട ഗരെത് ഡിലാനിയും (ആറു പന്തിൽ പത്ത്) കർട്ടിസ് കാംഫറും (ഏഴു പന്തിൽ 15) ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
അബ്ബാസ് അഫ്രീദി എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ കാംഫര്‍ നാലാം പന്തും ബൗണ്ടറി കടത്തി വിജയം അനായാസമാക്കി. പാകിസ്താനുവേണ്ടി അബ്ബാസ് രണ്ടു വിക്കറ്റും ഷഹീൻ, നസീം, വാസിം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ബാബർ അസമിന്‍റെ അർധ സെഞ്ച്വറി (43 പന്തിൽ 57) കരുത്തിലാണ് പാകിസ്താൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍ സയിം അയൂബ് (29 പന്തില്‍ 45), ഇഫ്തീഖര്‍ അഹമ്മദ് (15 പന്തില്‍ 37) എന്നിവരും തിളങ്ങി.
അയർലൻഡിനായി ക്രെയ്ഗ് യങ് രണ്ടു വിക്കറ്റും മാർക് അദയർ, ഗരെത് ഡിലാനി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.