ഇൻഡോർ: ആസ്ട്രേലിയൻ ബൗളിങ് നിരയെ നിർദയം അടിച്ചൊതുക്കി ഇന്ത്യൻ ബാറ്റർമാർ. ഓപണർ ശുഭ്മാൻ ഗില്ലിന്റെയും വൺഡൗണായെത്തിയ ശ്രേയസ് അയ്യരുടെയും ഉജ്വല സെഞ്ച്വറികളും സൂര്യകുമാർ യാദവിന്റെയും കെ.എൽ രാഹുലിന്റെയും ഇഷാൻ കിഷന്റെയുമെല്ലാം വെടിക്കെട്ടുകളും കണ്ട പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 399 റൺസാണ്. പന്തെറിഞ്ഞ ഓസീസ് ബൗളർമാരെല്ലാം കണക്കിന് തല്ലുവാങ്ങി.
ശ്രേയസ് 90 പന്തിൽ മൂന്ന് സിക്സും ആറ് ഫോറുമായി 105 റൺസും ഗിൽ 97 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം 104 റൺസുമെടുത്തപ്പോൾ തുടർന്നെത്തിയ ആരും മോശമാക്കിയില്ല. കെ.എൽ. രാഹുൽ 38 പന്തിൽ മൂന്ന് സിക്സും അത്രയും ഫോറുമടിച്ച് 52 റൺസും ഇഷാൻ കിഷൻ 18 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും സഹിതം 31 റൺസും അടിച്ചപ്പോൾ അവസാന ഓവറുകളിൽ സൂര്യകുമാർ യാദവിന്റെ വിളയാട്ടമായിരുന്നു. വെറും 37 പന്തുകളിൽ ആറ് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 72 റൺസാണ് താരം അടിച്ചുകൂട്ടിയത്. രവീന്ദ്ര ജദേജ ഒമ്പത് പന്തിൽ 13 റൺസുമായി പുറത്താവാതെനിന്നു.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ 16 റൺസ് ആയപ്പോഴേക്കും 12 പന്തിൽ എട്ട് റൺസെടുത്ത ഓപണർ ഋതുരാജ് ഗെയ്ക്‍വാദ് മടങ്ങി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടുകയായിരുന്നു. പിന്നീട് ഒത്തുചേർന്ന ഗില്ലും ശ്രേയസും ചേർന്ന് ഓസീസ് ബൗളർമാർക്ക് അവസരം നൽകാതെ മുന്നേറുകയായിരുന്നു. സീൻ അബ്ബോട്ടിന്റെ പന്തിൽ മാത്യു ഷോർട്ട് പിടികൂടിയായിരുന്നു ശ്രേയസിന്റെ മടക്കം. ഗില്ലിനെ കാമറൂൺ ഗ്രീൻ അലക്സ് ക്യാരിയുടെ കൈയിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 164 പന്തിൽ 200 റൺസ് ചേർത്താണ് ഇരുവരും പിരിഞ്ഞത്.
ആസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ പത്തോവറിൽ 103 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ്, സീൻ അബ്ബോട്ട്, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.