ഷാർജ: ജീവിതത്തിന്‍റെ അർധസെഞ്ച്വറി പിന്നിട്ട സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുതിയ സ്റ്റാൻഡ്. ഷാർജയിൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഷാർജ ക്രിക്കറ്റ് സി.ഇ.ഒ ഖലഫ് ബുഖാതിറാണ് സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. 1998ൽ ഷാർജ സ്റ്റേഡിയത്തിൽ സച്ചിൻ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന്‍റെ 25ാം വാർഷികത്തിന്‍റെ ഓർമ പുതുക്കൽ കൂടിയായാണ് സ്റ്റാൻഡ് സ്ഥാപിച്ചത്.
ഓസ്ട്രേലിയക്കെതിരായ മത്സരങ്ങളിൽ 143, 134 റൺസാണ് സച്ചിൻ നേടിയത്. സ്റ്റേഡിയത്തിലെ വെസ്റ്റ് സ്റ്റാൻഡിനാണ് സച്ചിന്‍റെ പേര് നൽകിയത്. 34 സ്റ്റേഡിയങ്ങളിലായാണ് സച്ചിൻ 49 സെഞ്ച്വറി നേടിയത്. ഇതിൽ ഏഴും ഷാർജ സ്റ്റേഡിയത്തിലായിരുന്നു.ഷാർജയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ലെന്നും സച്ചിൻവീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഷാർജയിൽ കളിക്കുന്നത് എപ്പോഴും ഗംഭീരമായ അനുഭവമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്കും കളിയെ സ്നേഹിക്കുന്നവർക്കും ഷാർജ സമ്മാനിക്കുന്നത് പ്രത്യേക അനുഭൂതിയാണ്. ഷാർജ സ്റ്റേഡിയത്തിലെ ആരവങ്ങൾ നിറഞ്ഞ അന്തരീക്ഷവും പിന്തുണയുമെല്ലാം മറക്കാനാവാത്തതാണെന്നും പിറന്നാൾ ദിനത്തിൽ സ്റ്റാൻഡ് സ്ഥാപിച്ച ബുഖാതിറിനും സംഘത്തിനും നന്ദി അറിയിക്കുന്നതായും സച്ചിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.