മുംബൈ: ബോർഡർ-ഗവാസ്കർ പരമ്പരയിൽ പരാജയപ്പെട്ടതിന് പിന്നാലെ രഞ്ജിട്രോഫിയുടെ പരിശീലന സെഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈ ടീം മാനേജ്മെന്റിനെയാണ് രോഹിത് ഇക്കാര്യം അറിയിച്ചത്. ഇന്ന് തുടങ്ങുന്ന പരിശീലന സെഷനിൽ രോഹിത് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വാങ്കഡേയിലാണ് പരിശീലന സെഷന് തുടക്കമാവുന്നത്.
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി രോഹിത് പരിശീലനം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് രഞ്ജിട്രോഫിയിൽ മുംബൈയുടെ പരിശീലനം തുടങ്ങുന്നത്. ജമ്മുകശ്മീറിനെതിരെയാണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം. അതേസമയം, ഈ മത്സരത്തിൽ രോഹിത് കളിക്കുമോയെന്നതിൽ വ്യക്തതയില്ല.
മുംബൈ രഞ്ജി ടീമിനൊപ്പം രോഹിത് പരിശീലനത്തിൽ പങ്കെടുക്കും. എന്നാൽ, അടുത്ത രഞ്ജി മത്സരത്തിൽ അദ്ദേഹം കളിക്കുമോയെന്ന് അറിയില്ല. ജമ്മുകശ്മീരിനെതിരെയാണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു.മുംബൈക്കായി രോഹിത് അവസാനമായി കളിച്ചത് ഉത്തർപ്രദേശിനെതിരെ 2015ലായിരുന്നു. അതിന് ശേഷം രോഹിത് ആഭ്യന്തര ടൂർണമെന്റിൽ കളിച്ചിട്ടില്ല.
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഫോമിലേക്ക് എത്താൻ രോഹിത്തിന് കഴിഞ്ഞിട്ടില്ല. 3,9,10,3,6 എന്നിങ്ങനെയാണ് വിവിധ ഇന്നിങ്സുകളിലെ രോഹിതിന്റെ സ്കോർ. 10.93 ആണ് രോഹിത്തിന്റെ ശരാശരി. മോശം ഫോമിനിടെ അവസാന ടെസ്റ്റിൽ നിന്ന് രോഹിത് മാറിനിൽക്കുകയും ചെയ്തിരുന്നു.
നേരത്തെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. ഒരു മത്സരം മാത്രം ഇത്തരത്തിൽ കളിച്ചാൽ മതിയാവില്ല. സമയം കിട്ടുമ്പോഴെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഗംഭീർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.