കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നെറ്റ്സിൽ പരിശീലനത്തിനിടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ബൗളിങ് ആക്ഷൻ അനുകരിച്ച് പേസര്‍ ജസ്പ്രീത് ബുംറ. അശ്വിന്റെ മുന്നില്‍ വെച്ചാണ് ബുംറയുടെ പരീക്ഷണം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന് രാഹുല്‍ ദ്രാവിഡ് ഇതുകണ്ട് ആസ്വദിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ കണ്ട് നിരവധി പേരാണ് ബുംറയെ പ്രശംസിച്ചെത്തുന്നത്.
രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പരമ്പരയില്‍ ഒപ്പമെത്താനാകൂ. ഒന്നാം ടെസ്റ്റിൽ ദയനീയമായിരുന്നു ഇന്ത്യയുടെ തോൽവി. മൂന്നരദിവസത്തിനകം കളി ഇന്നിങ്സിന് ജയിച്ചു ദക്ഷിണാഫ്രിക്ക. ആതിഥേയ പേസർമാർ വിളയാടിയ സെഞ്ചൂറിയൻ പിച്ചിലെ എക്സ്ട്രാ ബൗൺസിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ ബാറ്റർമാർ കൂടാരംകയറി. ഒന്നാം ഇന്നിങ്സിൽ കെ.എൽ. രാഹുൽ നേടിയ ശതകവും രണ്ടാം ഇന്നിങ്സിൽ വിരാട് കോഹ്ലി കുറിച്ച 76 റൺസും ഇല്ലായിരുന്നെങ്കിൽ ദൈന്യത കൂടിയേനെ. ഇന്ത്യൻ താരങ്ങൾ അവസരത്തിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരക്കാണ് മത്സരം ആരംഭിക്കുന്നത്.
പരിക്ക് കാരണം പുറത്തിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജദേജ തിരിച്ചെത്തും. ന്യൂലാൻഡ്സിലെ പിച്ച് ബാറ്റിങ്ങിനും ഒരു പരിധിവരെ സ്പിൻ ബൗളർമാർക്കും അനുകൂലമാവുമെന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ രവിചന്ദ്രൻ അശ്വിനെ നിലനിർത്താനാണ് സാധ്യത. പേസർമാരായ ഷാർദുൽ താക്കൂറിനെയും പ്രസിദ്ധ് കൃഷ്ണയെയും മാറ്റി ആവേഷ് ഖാനെയും മുകേഷ് കുമാറിനെയും ആദ്യ ഇലവനിലേക്ക് കൊണ്ടുവരാൻ ആലോചനയുണ്ട്. ജദേജയുടെ വരവ് ഒരു സ്പെഷലിസ്റ്റ് ബാറ്ററെ കുറക്കുന്നതിലേക്ക് നയിച്ചേക്കും. ബാറ്റർമാരുടെ കാര്യത്തിൽ പുനർവിചിന്തനമുണ്ടായില്ലെങ്കിൽ അശ്വിനെയോ ഒരു പേസറെയോ പിൻവലിക്കും.
ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ തെംബ ബാവുമക്ക് പകരം അവസാന ടെസ്റ്റ് കളിക്കുന്ന ഡീന്‍ എല്‍ഗറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 185 റൺസടിച്ച എൽഗറിന്റെ യാത്രയയപ്പ് മത്സരത്തിൽ ജയത്തിൽ കുറഞ്ഞൊന്നും ആതിഥേയർ ആഗ്രഹിക്കുന്നില്ല. ബാവുമക്ക് പകരം സുബൈര്‍ ഹംസയും കോയെറ്റ്സിക്ക് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.