മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറക്കും ഭാര്യ സഞ്ജന ഗണേശനും ആൺകുഞ്ഞ് പിറന്നു. ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലായിരുന്ന ബുംറ ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങിയിരുന്നു. കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് ഇന്ന് രാവിലെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഞങ്ങളുടെ ചെറിയ കുടുംബം വളർന്നെന്നും ഇന്ന് രാവിലെ ജനിച്ച കുട്ടിക്ക് അംഗദ് എന്ന് പേരിട്ടെന്നും ബുംറ അറിയിച്ചു.
‘ഞങ്ങളുടെ ചെറിയ കുടുംബം വളർന്നിരിക്കുന്നു. ഞങ്ങളുടെ ഹൃദയം സങ്കൽപ്പിക്കാൻ കഴിയുന്നതിലധികം നിറഞ്ഞിരിക്കുന്നു! ഇന്ന് രാവിലെ ഞങ്ങൾ ഞങ്ങളുടെ കൊച്ചുകുട്ടിയായ അംഗദ് ജസ്പ്രീത് ബുംറയെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു’, താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പരിക്ക് കാരണം ഒരു വർഷത്തോളം ടീമിന് പുറത്തായിരുന്ന ബുംറ കഴിഞ്ഞ മാസം അയലൻഡിനെതിരായ പരമ്പരയിൽ താൽക്കാലിക ക്യാപ്റ്റനായാണ് തിരികെയെത്തിയത്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും മഴ കാരണം ഇന്ത്യക്ക് ബൗൾ ചെയ്യാനായിരുന്നില്ല. നേപ്പാളിനെതിരെ ഇന്നത്തെ മത്സരത്തിൽ ബുംറക്ക് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂപ്പർ ഫോറിൽ എത്തിയാൽ താരം തിരിച്ചെത്തുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.