ആദ്യ രണ്ടു ടെസ്റ്റിലും അനായാസ ജയം പിടിച്ച ഇന്ത്യ ഒരു ജയം കൂടി സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ടിക്കറ്റുറപ്പിക്കാനാണ് ഇന്ദോർ മൈതാനത്ത് ഇറങ്ങിയിരുന്നത്. ഒന്നാം ദിവസം 14 വിക്കറ്റ് വീണ മൈതാനത്ത് പിറ്റേന്നും കാര്യമായ മാറ്റമില്ലാതെ വിക്കറ്റ് വീഴ്ച തുടർന്നതോടെ കളി ആതിഥേയരുടെ കൈകളിൽനിന്ന് എപ്പോഴേ പോയെന്ന നിലയിലാണ്. എട്ടു വിക്കറ്റെടുത്ത് നഥാൻ ലിയോണാണ് ഇന്ത്യൻ ബാറ്റിങ്ങിനെ അക്ഷരാർഥത്തിൽ കശക്കിയെറിഞ്ഞത്. ജയിക്കാൻ ഓസീസ് ബാറ്റർമാർ മൂന്നാം ദിനമായ ഇന്ന് എടുക്കേണ്ടത് 76 റൺസ് മാത്രം.
ലക്ഷ്യം ചെറുതാണെങ്കിലും ഇന്ദോറിലെ ഹോൾക്കർ മൈതാനത്ത് ഓസീസ് ബാറ്റർമാരും സുരക്ഷിതരല്ല. രവീന്ദ്ര ജഡേജയും അശ്വിനും മാത്രമല്ല, പേസർ ഉമേഷ് യാദവ് കൂടി പന്തെറിയാനുണ്ടെന്നതാണ് സന്ദർകശരെ കുഴക്കുന്നത്. ഇതേ കുറിച്ച് ഉമേഷ് യാദവിന് പറയാനുള്ളത് ഇതാണ്:
‘‘ക്രിക്കറ്റിൽ എന്തും സംഭവിക്കാം. പരമാവധി ശ്രമിക്കും. നന്നായി ബൗൾ ചെയ്യണം. അത്ര എളുപ്പം വിക്കറ്റല്ല, ബാറ്റർമാർക്കും ബൗളർമാർക്കും. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിക്കുന്നതും അത്ര എളുപ്പമാകില്ല. ബാൾ താഴ്ന്നുതന്നെ പോകുകയാണ്. അതുകൊണ്ടുതന്നെ ക്രീസിൽനിന്നിറങ്ങുന്നത് സുരക്ഷിതമാകില്ല. റൺസ് കുറവാകാം. എന്നാലും, നന്നായി പന്തെറിയണം’’- ഉമേഷ് പറയുന്നു.
വ്യാഴാഴ്ച ഇന്ത്യൻ നിരയിൽ ഏറ്റവും മനോഹരമായി പന്തെറിഞ്ഞ ഉമേഷ് മൂന്ന് വിലപ്പെട്ട വിക്കറ്റുകളുമായി ഓസീസ് വീഴ്ച അതിവേഗമാക്കിയിരുന്നു. നാലു വിക്കറ്റിന് 156ൽ നിന്ന ടീമിനെ 197നുള്ളിൽ ഓൾഔട്ടാക്കുന്നതിൽ താരവും നിർണായക സാന്നിധ്യമായി. കാമറൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്, ടോഡ് മർഫി എന്നിവരുടെ വിക്കറ്റുകളാണ് ഉമേഷ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.