കരാറിൽ നിന്നും പുറത്തായ ശ്രേയസിനും ഇഷാനും ഇന്ത്യക്കായി കളിക്കാനാകുമോ..?

ന്യൂഡൽഹി: ബി.സി.സി.ഐ പുറത്തുവിട്ട പുതിയ വാർഷിക കരാറിൽ നിന്നും ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും ഇഷാൻ കിഷനും പുറത്തായിരുന്നു. കരാറിലുൾപ്പെട്ട താരങ്ങൾ ദേശീയ ടീമിൽ കളിക്കുന്നില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന ബി.സി.സി.ഐ നിർദേശം ലംഘിച്ചതാണ് താരങ്ങൾക്ക് വിനയായത്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് മാനസിക സമ്മർദമാണെന്ന് പറഞ്ഞ് ഇഷാൻ കിഷൻ അവധിയിൽ പോയത്. രഞ്ജി കളിക്കാനുള്ള ബി.സി.സി.ഐ നിർബന്ധിച്ചെങ്കിലും താരം കളിക്കാൻ തയാറായിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയതിനെ തുടർന്നാണ് ശ്രേയസ് അയ്യർ അവധിയിൽ പോയത്. പരിക്ക് ചൂണ്ടിക്കാട്ടി രഞ്ജി കളിക്കാതിരുന്ന താരത്തിന് യാതൊരു ഫിറ്റ്നസ് പ്രശ്നങ്ങളും ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ ഇരുവരുടെ പ്രവർത്തി വൻ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്.

ഐ.പി.എല്ലിന് ഒരുങ്ങാനാണ് താരങ്ങൾ വിട്ടു നിൽക്കുന്നതെന്ന ആരോപണം ഉയർന്നതിനിടെ ഇരുവരും വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. ശ്രേയസ് അയ്യർ രഞ്ജിയിൽ മുംബൈ ടീമിനൊപ്പവും ഡി.വൈ പാട്ടീൽ ട്വന്റി 20 കപ്പിൽ ഇന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഇഷാനും കളത്തിലിറങ്ങിയെങ്കിലും പുതിക്കിയ കരാറിൽ നിന്ന് പുറത്താവുകയായിരുന്നു.

കരാറിൽ നിന്ന് പുറത്തായവർക്ക് കളിക്കാനാകുമോ

ബി.സി.സി.ഐയുടെ വാർഷിക കരാറിൽ ഉൾപ്പെട്ടവരെ മാത്രമല്ല ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തുന്നത്. കളിക്കാരെ തെരഞ്ഞെടുക്കുന്നത് പ്രകടനത്തിന്റെയും ഫിറ്റ്നസിന്റെയും അടിസ്ഥാനത്തിലാണ്. അതുകൊണ്ട് കരാറിൽ ഉൾപ്പെട്ടില്ലെങ്കിലും ശ്രേയസിനും ഇഷാനും ഇനിയും ഇന്ത്യൻ ടീമിൽ കളിക്കാനാകും. എന്നാൽ അവർക്ക് മാച്ച് ഫീ മാത്രമായിരിക്കും പ്രതിഫലമായി ലഭിക്കുക. 

ഇന്ത്യൻ ടീമിൽ കളിക്കുന്ന ചേതേശ്വർ പൂജാര, യുസ്‌വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, ശിഖർ ധവാൻ, ദീപക് ഹൂഡ എന്നിവരും കരാറിൽ ഉൾപ്പെടാത്ത താരങ്ങളാണ്.

അതേസമയം, കുറഞ്ഞത് മൂന്ന് ടെസ്റ്റ് മത്സരങ്ങളോ, എട്ടു ഏകദിനങ്ങളോ, 10 ട്വന്റി-20 മത്സരങ്ങളോ  മാനദണ്ഡങ്ങൾ പാലിച്ച് കളിക്കുന്ന താരങ്ങൾക്ക് ഗ്രേഡ് സിയിൽ സ്വയമേവ ഉൾപ്പെടാനാകുമെന്ന് ബി.സി.സി.ഐ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കന്നി മത്സരത്തിനിറങ്ങിയ സർഫറാസ് ഖാനും ധ്രുവ് ജുറേലും അടുത്ത മത്സരത്തിനിറങ്ങുന്നതോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാകും. അതോടെ അവർക്കും കരാറിൽ കയറാം.  

Tags:    
News Summary - Explained! Can Shreyas Iyer And Ishan Kishan Still Play For India After Being Dropped From BCCI Central Contract?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.