അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യക്കെതിരെ ആസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ സെഷനിൽ ഒറ്റ വിക്കറ്റും വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല. 104 റൺസുമായി ക്രീസിലുണ്ടായിരുന്ന ഓപണർ ഉസ്മാൻ ഖാജ 150 പിന്നിട്ടു നിൽക്കുകയാണെങ്കിൽ 49 റൺസുമായി പുറത്താകാതെ നിന്നിരുന്ന കാമറൂൺ ഗ്രീൻ സെഞ്ച്വറി തികച്ച് ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ജദേജയുടെ പന്ത് പോയന്റിലൂടെ ബൗണ്ടറി കടത്തിയാണ് ടെസ്റ്റിൽ ആദ്യ സെഞ്ച്വറിയിലെത്തിയത്. നാലിന് 255 എന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ ഓസീസ് നാലിന് 355 എന്ന നിലയിലാണിപ്പോൾ. അഭേദ്യമായ അഞ്ചാം വിക്കറ്റിൽ ഖാജയും ഗ്രീനും ചേർന്ന് ഇതുവരെ 185 റൺസ് ചേർത്തിട്ടുണ്ട്.
ഓപണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 32 റൺസെടുത്ത താരത്തെ അശ്വിന്റെ പന്തിൽ ജദേജ പിടികൂടുകയായിരുന്നു. തുടർന്നെത്തിയ മാർനസ് ലബൂഷെയ്നിന് അധികം ആയുസുണ്ടായില്ല. 20 പന്ത് നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ താരത്തെ മുഹമ്മദ് ഷമി ബൗൾഡാക്കുകയായിരുന്നു. 38 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ സ്റ്റമ്പ് ജദേജ തെറിപ്പിച്ചു. പീറ്റർ ഹാൻഡ്സ്കോമ്പിനെ ഷമിയും ഇതേ രീതിയിൽ മടക്കി. എന്നാൽ, പിന്നീടെത്തിയ കാമറൂൺ ഗ്രീൻ ഖാജക്കൊപ്പം പിടിച്ചു നിൽക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും അശ്വിൻ, ജദേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.