ഓക്‍ലൻഡ്: ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തെങ്കിലും ന്യൂസിലാൻഡ് 17 പന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ടോം ലതാമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും (104 പന്തിൽ പുറത്താവാതെ 145) ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ മികച്ച ബാറ്റിങ്ങുമാണ് (98 പന്തിൽ പുറത്താവാതെ 94) ആതിഥേയർക്ക് വിജയം എളുപ്പമാക്കിയത്. ഫിൽ അലൻ (22), ഡെവോൺ കോൺവെ (24), ഡാറിൽ മിച്ചൽ (11) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഇന്ത്യക്കായി ഉമ്രാൻ മാലിക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാർദുൽ താക്കൂർ ഒരു വിക്കറ്റ് നേടി.
നേരത്തെ ഇന്ത്യക്കായി ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവർ അർധ സെഞ്ച്വറി നേടിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ 38 പന്തിൽ 36 റൺസെടുത്തു. ശിഖർ ധവാനും (77 പന്തിൽ 72) ശുഭ്മാൻ ഗില്ലും (65 പന്തിൽ 50) ചേർന്ന് 124 റൺസിന്റെ ഓപണിങ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും അടുത്തടുത്ത ഓവറുകൾ പുറത്താവുകയും പിന്നീടെത്തിയ പന്തിനും (23 പന്തിൽ 15) സൂര്യകുമാർ യാദവിനും (മൂന്ന് പന്തിൽ നാല്) ക്രീസിൽ നിലയുറപ്പിക്കാൻ കഴിയാതെ വരികയും ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലായി.
പിന്നീട് ശ്രേയസ് അയ്യർക്കൊപ്പം (76 പന്തിൽ 80) സഞ്ജു സാംസൺ എത്തിയതോടെ ഇന്ത്യൻ സ്കോർബോർഡിന് വീണ്ടും ജീവൻ വെച്ചു. 45ാം ഓവറിലാണ് ആദം മിൽനെയുടെ പന്തിൽ ഫിലിപ്നിന് പിടികൊടുത്ത് സഞ്ജു മടങ്ങുന്നത്. ഇതിന് പിന്നാലെ ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദർ അതിവേഗത്തിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയായിരുന്നു. 16 പന്തിൽ പുറത്താവാതെ 37 റൺസാണ് സുന്ദർ അടിച്ചെടുത്തത്. ഷാർദുൽ ഒരു റൺസെടുത്ത് പുറത്തായി. ന്യൂസിലൻഡിനായി ടിം സൗത്തി ലോക്കി ഫെർഗൂസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.