സചിൻ ബേബി (ഫയൽ)
ഗുവാഹതി: സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും രോഹൻ കുന്നുമ്മൽ, കൃഷ്ണപ്രസാദ്, രോഹൻ പ്രേം എന്നിവരുടെ അർധ സെഞ്ച്വറികളുടെയും കരുത്തിൽ അസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിൽ രണ്ടാംദിനം ആരംഭിച്ച കേരളം ഒന്നാം ഇന്നിങ്സിൽ 419 റൺസാണ് അടിച്ചുകൂട്ടിയത്. സ്റ്റമ്പെടുക്കുമ്പോൾ അസം രണ്ടിന് 14 എന്നനിലയിൽ പതറുകയാണ്.
83 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെ വിക്കറ്റായിരുന്നു ആദ്യ ദിനം നഷ്ടമായത്. 52 റൺസുമായി ക്രീസിലുണ്ടായിരുന്ന ഓപണർ കൃഷ്ണപ്രസാദ് 80 റൺസെടുത്ത് മടങ്ങിയപ്പോൾ നാല് റൺസുമായി കൂട്ടിനുണ്ടായിരുന്ന രോഹൻ പ്രേം 50 റൺസെടുത്തും ഇന്നലെ പുറത്തായി. നാലാമനായെത്തിയ സച്ചിൻ ബേബി ഒരറ്റത്ത് പിടിച്ചുനിന്നപ്പോൾ മറുവശത്ത് കാര്യമായ സംഭാവന നൽകാതെ ബാറ്റർമാർ മടങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ വാലറ്റക്കാരായ ബേസിൽ തമ്പിയെയും എം.ഡി. നിധീഷിനെയും (12) കൂട്ടുപിടിച്ച് സച്ചിൻ ബേബി നടത്തിയ പോരാട്ടമാണ് സ്കോർ 400 കടത്തിയത്. 148 പന്തില്‍ 16 ഫോറും അഞ്ച് സിക്സുമടക്കം 131 റണ്‍സെടുത്ത സച്ചിൻ പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സിനും വിരാമമായി.
വിഷ്ണു വിനോദ് (19), അക്ഷയ് ചന്ദ്രൻ (0), ശ്രേയസ് ഗോപാൽ (18), ജലജ് സക്സേന (1) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
സുരേഷ് വിശേശ്വർ പുറത്താകാതെ നിന്നു. അസമിനായി രാഹുല്‍ സിങ്ങും മുക്താര്‍ ഹുസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സിദ്ധാർഥ് ശര്‍മ രണ്ടും ആകാശ് സെൻഗുപ്ത ഒന്നും വിക്കറ്റെടുത്തു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ അസമിന് ഓപണർ രാഹുൽ ഹസാരിക (9), സിദ്ധാർഥ് ശർമ (0) എന്നിവരെ നഷ്ടമായി. ഓപണർ റിഷവ് ദാസും (5) സുമിത് ഗാഡിയോങ്കറുമാണ് (0) ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.