അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ റൺദാരിദ്ര്യത്തിന് ആസ്ട്രേലിയ വിരാമമിട്ടപ്പോൾ ശതകങ്ങൾ പിറക്കുന്നില്ലെന്ന പരാതിക്ക് മറുപടിയുമായി ഉസ്മാൻ ഖാജ. ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസിലെത്തിയിട്ടുണ്ട്. ഓപണറായി ഇറങ്ങി നിലയുറപ്പിച്ച ഖാജ 104 റൺസുമായി ക്രീസിലുണ്ട്. കാമറൂൺ ഗ്രീനാണ് (49*) കൂട്ട്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജദേജയും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതീക്ഷിച്ചപോലെ ഇന്ത്യ മുഹമ്മദ് സിറാജിന് വിശ്രമം നൽകി ഷമിയെ ഇറക്കിയപ്പോൾ മൂന്നാം ടെസ്റ്റ് ജയിച്ച ആസ്ട്രേലിയക്കാർ ആദ്യ ഇലവനിൽ പരീക്ഷണത്തിന് മുതിർന്നില്ല.
ഖാജയും സഹ ഓപണർ ട്രാവിസ് ഹെഡും സന്ദർശകർക്ക് തരക്കേടില്ലാത്ത തുടക്കമേകി. 15 ഓവറിൽ 61 റൺസ് ചേർത്ത കൂട്ടുകെട്ട് അശ്വിനാണ് തകർത്തത്. 32 റൺസെടുത്ത ഹെഡിനെ 16ാം ഓവറിൽ ജദേജ പിടിച്ചു. 20 പന്ത് നേരിട്ടിട്ടും മൂന്നു റൺസ് മാത്രമെടുത്ത് തട്ടിമുട്ടി നീങ്ങിയ മാർനസ് ലബൂഷെയ്നിനെ ഷമി ബൗൾഡാക്കിയത് ഓസീസിന് മറ്റൊരു പ്രഹരമായി. 72 റൺസിൽ രണ്ടാമനും വീണതോടെ പ്രതിസന്ധിയിലായ ടീമിനെ രക്ഷിക്കാനെത്തിയ നായകൻ സ്റ്റീവ് സ്മിത്ത് ഖാജക്കൊപ്പം വിക്കറ്റ് കളയാതെ കളിക്കുകയെന്ന തന്ത്രം പയറ്റി. ഉച്ചഭക്ഷണത്തിന് പിരിയുംമുമ്പ് ബാക്കിയുണ്ടായിരുന്ന ആറിൽ അഞ്ചും മെയ്ഡൻ ഓവറുകളായി. ലഞ്ച് സമയത്ത് ഓസീസ് രണ്ടിന് 75. ഖാജയും (27) സ്മിത്തും (2) ക്രീസിൽ.
കളി പുനരാരംഭിച്ചപ്പോഴും ഖാജയും സ്മിത്തും ബാറ്റ് ചെയ്തത് കരുതലോടെ. ഓസീസ് മൂന്നക്കം പിന്നിട്ട് മുന്നോട്ടുപോകവെ നേരിട്ട 146ാം പന്തിൽ ഖാജ 50 തികച്ചു. ചായക്കു പിരിയുമ്പോൾ സ്കോർ രണ്ടിന് 149. തുടർന്ന് സ്മിത്തിന്റെ ചെറുത്തുനിൽപിന് കടിഞ്ഞാണിട്ടു ജദേജ.
135 പന്തിൽ 38 റൺസെടുത്ത ഓസീസ് നായകൻ ബൗൾഡാവുമ്പോൾ സ്കോർ 150 പിന്നിട്ടിരുന്നു. കരിയറിൽ ഇത് ഏഴാം തവണയാണ് സ്മിത്ത് ജദേജക്ക് ഇരയാവുന്നത്. ബൗൾഡാക്കുന്നത് നാലാം വട്ടവും. ഇതുവരെ മറ്റൊരു ബൗളർക്കും രണ്ടില്‍ കൂടുതല്‍ തവണ സ്മിത്തിനെ ബൗള്‍ഡാക്കാനായിട്ടില്ല. പരമ്പരയിൽ മൂന്നാം തവണയാണ് ലോക രണ്ടാം നമ്പർ താരമായ സ്മിത്തിനെ ജദേജ പുറത്താക്കുന്നത്. ക്യാപ്റ്റന്‍ പകരമെത്തിയത് പീറ്റർ ഹാൻഡ്സ്കോംബ്.
27 പന്തിൽ 17 റൺസെടുത്ത ഹാൻഡ്സ്കോംബിനെ ഷമി ബൗൾഡാക്കിയതോടെ ഓസീസ് നാലിന് 170. മറുതലക്കൽ നങ്കൂരമിട്ട ഖാജക്ക് കൂട്ടായി കാമറൂൺ ഗ്രീനെത്തി. 81ാം ഓവറിൽ സ്കോർ 200 കടന്നതിനു പിന്നാലെ പുതിയ പന്തെടുത്തു. ഇടക്ക് ഗ്രീൻ സ്കോറിങ്ങിന് വേഗംകൂട്ടിയതോടെ 89 ഓവറിൽ 250ലെത്തി. ശതകത്തിന് ഒരു റൺ അരികെയായിരുന്നു ഖാജയപ്പോൾ. 90ാം ഓവറിൽ ഷമിയെ ബൗണ്ടറിയടിച്ചാണ് പാകിസ്താൻ വംശജനായ ഖാജ കരിയറിലെ 14ാം ടെസ്റ്റ് സെഞ്ച്വറി ആഘോഷിച്ചത്.
കഴിഞ്ഞ 13 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് ഇടംകൈയൻ ബാറ്ററുമായി ഖാജ. 2010/11 പരമ്പരയില്‍ മൂന്നക്കം കണ്ടെത്തിയ മാർകസ് നോർത്താണ് ഇതിനുമുമ്പ് ഇന്ത്യയില്‍ ടെസ്റ്റ് ശതകം നേടിയ ഇടംകൈയന്‍ ആസ്ട്രേലിയക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.