രാജ്കോട്ട്: വമ്പൻ സ്കോർ പിന്തുടർന്ന കേരളത്തിന് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെൻറിൽ ആവേശകരമായ വിജയം. എലീറ്റ് ഗ്രൂപ് ഡിയിൽ മഹാരാഷ്ട്രയെ നാലു വിക്കറ്റിനാണ് കേരളം തകർത്തത്.
മഹാരാഷ്ട്ര മുന്നോട്ടുവെച്ച 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കേരളം 25.2 ഓവറിൽ ആറിന് 120 എന്ന പരിതാപകരമായ നിലയിലായിരുന്നു. എന്നാൽ, അഭേദ്യമായ ഏഴാം വിക്കറ്റിന് 141 പന്തിൽ 174 റൺസ് അടിച്ചുകൂട്ടിയ വിഷ്ണു വിനോദും (100 നോട്ടൗട്ട്) സിജോമോൻ ജോസഫും (71 നോട്ടൗട്ട്) കേരളത്തെ ജയത്തിലെത്തിച്ചു.
വിഷ്ണു വിനോദ് 82 പന്തിൽ രണ്ടു സിക്സും എട്ടു ബൗണ്ടറിയും പായിച്ചപ്പോൾ സിജോമോൻ 70 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടിച്ചു. ജലജ് സക്സേന (44), ക്യാപ്റ്റൻ സഞ്ജു സാംസൺ (42) എന്നിവരും തിളങ്ങി. രോഹൻ കുന്നുമ്മൽ (5), മുഹമ്മദ് അസഹ്റുദ്ദീൻ (2), വത്സൽ ഗോവിന്ദ് (18), സചിൻ ബേബി (0) എന്നിവർ വേഗം പുറത്തായതോടെ കേരളം ഒരു ഘട്ടത്തിൽ നാലിന് 21 എന്ന നിലയിലായിരുന്നു.
നേരത്തേ ഉജ്ജ്വല ഫോം തുടരുന്ന ഋതുരാജ് ഗെയ്ക്വാദിെൻറ (124) തുടർച്ചയായ മൂന്നാം സെഞ്ച്വറിയുടെ കരുത്തിലാണ് മഹാരാഷ്ട്ര മികച്ച സ്കോറിലെത്തിയത്. രാഹുൽ ത്രിപതി 99 റൺസടിച്ചു. കേരളത്തിനായി എം.ഡി. നിധീഷ് അഞ്ചു വിക്കറ്റ് വീഴ്ത്തി.
തിരുവനന്തപുരത്ത് നടക്കുന്ന എലീറ്റ് ഗ്രൂപ് ബി മത്സരങ്ങളിൽ തമിഴ്നാടിന് തുടർച്ചയായ മൂന്നാം ജയം. തമിഴ്നാട് ബംഗാളിനെയാണ് 146 റൺസിന് തകർത്തത്. കർണാടക മുംബൈയെ ഏഴു വിക്കറ്റിനും ബറോഡ പുതുച്ചേരിയെ അഞ്ചുവിക്കറ്റിനും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.