കൊളംബോ: ശ്രീലങ്കൻ ബൗളിങ് കോച്ച് സ്ഥാനത്തുനിന്ന് ചാമിന്ദ വാസ് രാജിവെച്ചു. ശമ്പളത്തർക്കത്തെ തുടർന്നാണ് വാസിന്‍റെ നാടകീയമായ രാജി പ്രഖ്യാപനം. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ശ്രീലങ്കയുടെ വിഖ്യാത ഫാസ്റ്റ് ബൗളർ പരിശീലക സ്ഥാനമേറ്റെടുത്തത്. എന്നാൽ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ടീം പുറപ്പെടുന്നതിന്‍റെ തൊട്ടുമുന്നെ രാജി വെക്കുകയായിരുന്നു.
വാസിന്‍റെ നിബന്ധനകൾ അംഗീകരിക്കാൻ തങ്ങൾക്ക് കഴിയാത്തിനാലാണ് അദ്ദേഹം രാജിവെച്ചതെന്നത് ശ്രീലങ്കൻ ക്രിക്കറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത്, വ്യക്തിഗത നേട്ടത്തിനായി നിരുത്തരവാദ സമീപനം സ്വീകരിച്ചത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം എസ്.എൽ.സി അക്കാദമി പരിശീലക സ്ഥാനത്തുനിന്നും വാസ് രാജിവെച്ചു.
ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്നാണ് ആസ്‌ട്രേലിയക്കാരനായ ഡേവിഡ് സക്കറിന് പകരം വാസിനെ നിയമിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മൂന്ന് വീതം ട്വി20യും ഏകദിനവുമാണുള്ളത്. കൂടാതെ രണ്ട് ടെസ്റ്റുകളും കളിക്കും. 355 ടെസ്റ്റ് വിക്കറ്റുകളും 400 ഏകദിന വിക്കറ്റുകളും നേടിയ ചാമിന്ദ വാസ് ശ്രീലങ്ക കണ്ട മികച്ച പേസ് ബൗളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.