ശ്രേയസ് ഗോപാൽ

പാണ്ഡ്യ ബ്രദേഴ്സിനെ അടക്കം പുറത്താക്കി ഹാട്രിക് പ്രകടനം; ചെന്നൈ സൂപ്പർ കിങ്സിന് പ്രതീക്ഷയായി യുവതാരം

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകക്കായി ഹാട്രിക്ക് വിക്കറ്റ് നേട്ടവുമായി കളംനിറഞ്ഞ ഓൾറൗണ്ടർ ശ്രേയസ് ഗോപാലിന്‍റെ പ്രകടനത്തിനും ബറോഡയുടെ വിജയത്തെ തടയാൻ കഴിഞ്ഞില്ല. എന്നാൽ താരത്തിന്‍റെ പ്രകടനത്തിൽ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്‍റ് സന്തോഷിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ മാസം നടന്ന മെഗാലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് ശ്രേയസിനെ ചെന്നൈ ടീമിലെത്തിച്ചത്.

ഐ.പി.എല്ലിലെ വമ്പൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും സഹോദരൻ ക്രുനാൽ പാണ്ഡ്യയെയും അടക്കം പുറത്താക്കി ഹാട്രിക് തികച്ച ശ്രേയസ്, ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബറോഡയുടെ ഇന്നിങ്സിന് അടിത്തറ പാകിയ ഓപണർ ശശ്വന്ത് റാവത്തിനെ (37 പന്തിൽ 63) പുറത്താക്കിയാണ് ശ്രേയസ് ഗോപാൽ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഭാനു പാനിയക്കൊപ്പം 89 റൺസിന്‍റെ കൂട്ടുകെട്ട് ഉയർത്തി നിൽക്കുകയായിരുന്ന ശശ്വന്ത് 11-ാം ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. തൊട്ടടുത്ത രണ്ട് പന്തുകളിൽ പാണ്ഡ്യ സഹോദരങ്ങളെ പുറത്താക്കി ശ്രേയസ് ബറോഡയെ ഞെട്ടിച്ചു.

മത്സരത്തിലാകെ നാല് ഓവറിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റാണ് താരം പിഴുതത്. നിർണായക സമയത്ത് വിക്കറ്റ് നേടി എതിർ ടീമിനെ സമ്മർദത്തിലാക്കിയ താരത്തിന്‍റെ പ്രകടനം ചെന്നൈ ക്യാമ്പിന് പ്രതീക്ഷ പകരുന്നതാണ്. മത്സരത്തിൽ മറ്റ് കർണാടക ബോളർമാർ പരാജയപ്പെട്ടതോടെ ബറോഡ ജയം സ്വന്തമാക്കുകയായിരുന്നു. 170 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ മറികടന്നു.

മത്സരത്തിൽ ടോസ് നേടിയ കർണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ അഭിനവ് മനോഹറിന്‍റെ (34 പന്തിൽ 56) പ്രകടന മികവിലാണ് അവർ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. സമരൻ രവിചന്ദ്രൻ (35 പന്തിൽ 38), കെ.എൽ. ശ്രീജിത് (ഒമ്പത് പന്തിൽ 22), ശ്രേയസ് ഗോപാൽ (16 പന്തിൽ 18), മനീഷ് പാണ്ഡെ (ആറ് പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. മറുപടി ബാറ്റിങ്ങിൽ ബറോഡക്ക് ശ്രേയസ് ഏൽപ്പിച്ച പ്രഹരമൊഴിവാക്കിയാൽ വിജയത്തിലെത്താൻ മറ്റ് വെല്ലുവിളികൾ ഉണ്ടായിരുന്നില്ല.

Tags:    
News Summary - Chennai Super Kings Shreyas Gopal takes hattrick in SMAT sends Krunal Pandya and Hardik Pandya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.