ന്യൂഡൽഹി: ഐ.പി.എല്ലിന്‍റെ മെഗാ ലേലം നടക്കാനിരിക്കെ മഹേന്ദ്ര സിങ് ധോണിയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്. മൂന്ന് സീസണുകളിൽ കൂടി ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലുണ്ടാവും. ഇതിനായി ധോണിയുമായി ചെന്നൈ കരാറൊപ്പിട്ടു. ധോണിക്ക് പുറമേ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ റിതുരാജ് ഗെയ്ക്വാദ് എന്നിവരേയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്.
ബി.സി.സി.ഐയുടെ നിയമമനുസരിച്ച് ഓരോ ഫ്രാഞ്ചൈസിക്കും നാല് കളിക്കാരെ നിലനിർത്താം. ഇംഗ്ലീഷ് താരം മോയിൻ അലിയുമായി ചെന്നൈ മാജേ്മെന്റ് ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. ചെന്നൈ ചിദംബര സ്റ്റേഡിയത്തിലെ പിച്ചിൽ അലിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇംഗ്ലീഷ് താരം സാം കറനാണ് ചെന്നൈ നിലനിർത്തുന്ന മറ്റൊരു താരം.
ചെന്നൈയിൽ തന്നെ തുടരുമെന്ന സൂചന ധോണിയും നേരത്തെ നൽകിയിരുന്നു. എന്‍റെ അവസാന ഏകദിന മത്സരം റാഞ്ചിയിലായിരുന്നു. അവസാന ട്വന്‍റി 20 ചെന്നൈയിലാകുമെന്നാണ് പ്രതീക്ഷ. അത് അടുത്ത വർഷമോ അഞ്ച് വർഷം കഴിഞ്ഞോ സംഭവിക്കാമെന്നായിരുന്നു ധോണിയുടെ കമന്‍റ്.
ഡൽഹി ക്യാപിറ്റൽസ് റിഷഭ് പന്ത്, അക്സർ പേട്ടൽ, പൃഥ്വി ഷാ എന്നിവരെ നിലനിർത്തും. പന്തായിരിക്കും ടീമിനെ നയിക്കുക. ഡൽഹിയിലെ ക്യാപ്റ്റൻ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച ശ്രേയസ് അയ്യർ ടീം വിടുമെന്നാണ് സൂചന. മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, ഇഷാൻ കിഷൻ എന്നിവരെ നിലനിർത്തും. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡും ടീമിൽ തുടരും. ഇതിനായുള്ള ചർച്ച മുംബൈ പൊള്ളാർഡുമായി ആരംഭിച്ചിട്ടുണ്ട്. 2022 ജനുവരിയിലാണ് ഐ.പി.എല്ലിന്‍റെ മെഗാലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി ടൂർണമെന്‍റിലെത്തിയതോടെയാണ് മെഗാ ലേലത്തിന് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.