തന്നെ വെള്ളം കുടിപ്പിക്കുന്ന ബൗളറെ വെളിപ്പെടുത്തി പുജാര

ഇന്ത്യയുടെ ടെസ്റ്റ് സ്‍പെഷ്യലിസ്റ്റായ ചേതേശ്വർ പുജാര തന്റെ നീണ്ട കരിയറിൽ നിരവധി മികച്ച ബൗളർമാരെ നേരിട്ടിട്ടുണ്ട്. എങ്കിലും ബൗളർമാരുമായുള്ള താരത്തിന്റെ ഏറ്റവും അവിസ്മരണീയമായ കൊമ്പുകോർക്കലുകളുണ്ടായിട്ടുള്ളത് ആസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളിലാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിൽ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ പുജാരയുടെ ബാറ്റിങ്ങിൽ തന്നെയാണ്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകൾ പുജാര പടുത്തുയർത്തിയത് ഓസീസ് ബൗളർമാരെ നേരിട്ടുകൊണ്ടായിരുന്നു. ഉദാഹരണത്തിന് 2016/17 സമയത്ത് കംഗാരുപ്പട ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള ഇന്നിങ്സ്. ആദ്യ ടെസ്റ്റിലെ വമ്പൻ പരാജയത്തിന് ശേഷം പുജാരയുടെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിലായിരുന്നു ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയച്ചിത്. അന്ന് 525 പന്തുകളിൽ 202 റൺസായിരുന്നു പുജാര നേടിയത്.

എന്നാൽ, അന്താരാഷ്ട്ര കിക്കറ്റിൽ താൻ ഇപ്പോൾ നേരിടുന്ന ഏറ്റവും കടുപ്പമേറിയ ബൗളറെ വെളിപ്പെടുത്തിയിരിക്കുകയാണ് പുജാര. ആസ്ട്രേലിയൻ പേസറായ പാറ്റ് കമ്മിൻസാണ് താരത്തെ ഏറ്റവും കുഴക്കുന്ന ബൗളർ. ഇ.എസ്.പി.എൻ ക്രിക്കിൻഫോയോടായിരുന്നു (ESPNCricinfo) പുജാര ഇക്കാര്യം പറഞ്ഞത്. ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റനായ കമ്മിൻസ് ഏകദേശം നാല് വർഷമായി ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായി തുടരുകയാണ്, അടുത്ത മാസം അവർ ഇന്ത്യയിൽ നാല് നാല് ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ ഇന്ത്യയുടെ പ്രധാന വെല്ലുവിളിയും കമ്മിൻസാകും.

പാറ്റ് കമ്മിൻസ്

നേരിടാന്‍ പ്രയാസമുള്ള ബൗളർക്കൊപ്പം നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളറെയും താരം വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ ഓസീസ് ഇതിഹാസ പേസറായ ഗ്ലെന്‍ മഗ്രാത്തിനെ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പുജാര പറഞ്ഞു. പുജാര ഒപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന താരം വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസം ബ്രയാന്‍ ലാറയാണ്.

ജോഷ് ഹേസൽവുഡ്

തന്നെ നേരിടാൻ ഇഷ്ടമല്ലാത്തതാരത്തെയും പുജാര വെളിപ്പെടുത്തി. ഓസീസിന്റെ തന്നെ ജോഷ് ഹേസൽവുഡാണ് ആ താരം. ഹേസൽവുഡ് പുജാരയോടുള്ള നീരസം തമാശരൂപേണ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ‘ഒരു ടീം മീറ്റിങ്ങിൽ എന്റെ മുഖം കാണാൻ പോലും ആഗ്രഹിക്കുന്നില്ലെന്ന് ഹേസൽവുഡ് പറഞ്ഞിട്ടുണ്ട്’. -പുജാര പറഞ്ഞു.

ന്യൂസീലന്‍ഡ് പരമ്പരക്ക് പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ആസ്‌ട്രേലിയക്കെതിരായ നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പര ഒരു അഭിമാന പ്രശ്‌നമാണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ പോയി ജയിച്ചിരുന്നു. കംഗാരുപ്പട ഇന്ത്യയിലേക്കെത്തുമ്പോള്‍ കിരീടം നിലനിര്‍ത്തേണ്ടത് നീലപ്പടയുടെ അഭിമാന പ്രശ്‌നം തന്നെയാണ്.

Tags:    
News Summary - Cheteshwar Pujara names toughest bowler to face in international cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.