തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ് മത്സരത്തിന്‍റെ ആദ്യദിനത്തിൽ കരുത്തരായ ഛത്തീസ്ഗഡിനെ 149 റൺസിന് എറിഞ്ഞിട്ട് കേരളം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യദിനത്തെ കളി അവസാനിക്കുമ്പോൾ രണ്ടിന് 100 എന്ന നിലയിലാണ്. കേരളത്തിന്‍റെ രോഹൻ പ്രേം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസെന്ന അപൂർവനേട്ടവും സ്പിന്നർ ജലജ് സക്സേന അഞ്ച് വിക്കറ്റ് നേട്ടവും ഈ മത്സരത്തിൽ കൈവരിച്ചു.
ആദ്യ മത്സരത്തിൽ ജമ്മു-കശ്മീരിനോട് ജയവും രാജസ്ഥാനോട് സമനിലയും നേടി ഏഴ് പോയന്‍റുമായി കേരളം ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്താണ്. രണ്ട് മത്സരങ്ങൾ ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതുള്ള ഛത്തീസ്ഗഡിനെ കേരളം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നേരിട്ടത് കരുതലോടെയായിരുന്നു. തുമ്പ സെന്‍റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ടിൽ ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു വി. സാംസൺ സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ക്യാപ്റ്റന്‍റെ തീരുമാനം ശരിവെച്ച് പന്തെറിഞ്ഞപ്പോൾ ഛത്തീസ്ഗഡിന്‍റെ ആദ്യ ഇന്നിങ്സ് 49.5 ഓവറിൽ 149 എന്ന താരതമ്യേന കുറഞ്ഞ സ്കോറിൽ അവസാനിച്ചു. 19.5 ഓവറിൽ 48 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ കേരളത്തിന്‍റെ സ്പിന്നർ ജലജ് സക്സേനയുടെ കൃത്യതയാർന്ന ബൗളിങ്ങാണ് സന്ദർശകരുടെ നട്ടെല്ലൊടിച്ചത്. രണ്ട് ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് സച്ചിൻ ബേബിയും 39 റൺസ് വഴങ്ങി വിശാഖ്ചന്ദ്രനും രണ്ട് വീതം വിക്കറ്റ് നേടി. എൻ.പി. ബേസിൽ 33 റൺസ് വഴങ്ങി ഒരുവിക്കറ്റ് കരസ്ഥമാക്കി.
40 റൺസ് നേടിയ ഛത്തീസ്ഗഡ് ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയ, 29 റൺസുമായി പുറത്താകാതെ നിന്ന മായങ്ക് യാദവ് 19 റൺസ് നേടിയ വാലറ്റക്കാരൻ സൗരഭ് മജുംദാർ എന്നിവർക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്. സന്ദർശകരുടെ അഞ്ച് ബാറ്റർമാർക്ക് രണ്ടക്കം കാണാനായില്ല. കൃത്യമായ ഇടവേളകളിൽ ഛത്തീസ്ഗഡിന്‍റെ വിക്കറ്റ് വീഴ്ത്താൻ കേരള ബൗളർമാർക്ക് സാധിച്ചു. 20 റൺസിന് ആദ്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഛത്തീസ്ഗഡിന് പിന്നീട് തിരിച്ചുവരവ് അസാധ്യമായി.
എട്ടാം വിക്കറ്റിൽ മായങ്ക് യാദവും സുമിത് റ്യൂയികറും ഛത്തിസ്ഗഡിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷ നൽകവേ സഞ്ജു കൈക്കൊണ്ട തീരുമാനം നിർണായകമായി. പന്ത് ലഭിച്ച സച്ചിൻ ബേബി തന്‍റെ ആദ്യ ഓവറിൽ 17 റൺസെടുത്ത സുമിത് റ്യൂയികറിനേയും റൺസ് നേടുംമുമ്പ് രവി കിരണിനെയും പുറത്താക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപണർമാരായ പി. രാഹുലും രോഹൻ എസ്. കുന്നുമ്മലും മികച്ച തുടക്കം നൽകുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 47ൽ എത്തിയപ്പോൾ 24 റൺസ് നേടിയ പി. രാഹുലിനെയും 31 റൺസ് നേടിയ രോഹനെയും നഷ്ടമായി. 29 റൺസുമായി ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 5000 റൺസ് നേടിയ രോഹൻ പ്രേമും 11 റൺസ് നേടി സച്ചിൻ ബേബിയുമാണ് ക്രീസിൽ. സന്ദർശകർക്കുവേണ്ടി സൗരഭ് മജുംദാറും അജയ് മണ്ഡലും ഓരോ വിക്കറ്റ് വീതം നേടി.
തിരുവനന്തപുരം: രോഹൻ പ്രേം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അയ്യായിരം റൺസ് നേടുന്ന കേരള താരമായി. ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ 29 റൺസുമായി ബാറ്റ് ചെയ്യുന്ന രോഹൻ പ്രേം രഞ്ജി ട്രോഫിയിലും ദക്ഷിണ മേഖലക്കുമായി കളിച്ച് 5021 റൺസാണ് നേടിയത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കേരളത്തിനായി കളിച്ച റെക്കോഡ് രാജസ്ഥാനെതിരായ കളിയിൽ രോഹൻ നേടിയിരുന്നു.
62 റൺസ് കൂടി നേടിയാൽ രഞ്ജി ട്രോഫിയിൽ അയ്യായിരം റൺസ് നേടുന്ന ആദ്യ കേരള താരമെന്ന റെക്കോഡും രോഹന് സ്വന്തമാകും. രഞ്ജിയിൽ 90 മത്സരങ്ങളിൽ 4938 റൺസും സൗത്ത് സോണിനായി നാല് ഇന്നിങ്സിൽ 83 റൺസുമാണ് രോഹൻ പ്രേം ഇതുവരെ നേടിയത്. 2005 ഡിസംബറിൽ 19ാം വയസ്സിൽ കേരളത്തിന് വേണ്ടി പാഡണിഞ്ഞ രോഹൻ 36ാം വയസ്സിലാണ് ഈ നേട്ടം കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.