പുണെ: ആദ്യ ടെസ്റ്റിനിറങ്ങിയ ടീമിൽനിന്ന് മൂന്ന് മാറ്റവുമായാണ് ഇന്ത്യ വ്യാഴാഴ്ച മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കിവീസിനെ നേരിടാനെത്തിയത്. കെ.എൽ. രാഹുൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരെ പുറത്തിരുത്തിയപ്പോൾ ശുഭ്മൻ ഗില്ലും ആകാശ് ദീപും ഒപ്പം നാലു വർഷമായി മാറ്റി നിർത്തിയ വാഷിങ്ടൺ സുന്ദറും ഇന്ന് കളത്തിലിറങ്ങി.
സ്ക്വാഡിൽ നാല് സ്പിന്നർമാർ നിൽക്കെയാണ് ഞായറാഴ്ച സുന്ദറിനെ ടീമിനൊപ്പം ചേർക്കുന്നതായി മാനേജ്മെന്‍റ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ കോച്ച് ഗൗതം ഗംഭീറിന്‍റെ ഇടപെടലാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഗംഭീറിന്‍റെ വിശ്വാസം കാത്ത സുന്ദറാകട്ടെ, തന്‍റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പുറത്തെടുത്തത്.
23.1 ഓവർ പന്തെറിഞ്ഞ വാഷിങ്ടൺ സുന്ദർ 59 റൺസ് വഴങ്ങി ഏഴ് കിവീസ് ബാറ്റർമാരെയാണ് കൂടാരം കയറ്റിയത്. നാല് ഓവറുകൾ മെയ്ഡനാക്കാനും കഴിഞ്ഞു. സ്പിന്നർ കുൽദീപ് യാദവിന് പകരക്കാനായി ടീമിലെത്തിയ താരം തന്‍റെ തിരിച്ചുവരവ് ഗംഭീരമായി തന്നെ ആഘോഷിച്ചു. ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന വേളയിൽ സുന്ദറിനെ കുറിച്ച് ഗംഭീർ പറഞ്ഞിരുന്നുവെന്ന് മുൻ താരവും പരിശീലകനുമായ ശ്രീധരൻ ശ്രീറാം വെളിപ്പെടുത്തിയിരുന്നു.
ഡാരിൽ മിച്ചലുമൊന്നിച്ച് മികച്ച സ്കോറിലേക്ക് നിങ്ങുകയായിരുന്ന രചിൻ രവീന്ദ്രയെ (65) പുറത്താക്കിയാണ് സുന്ദർ തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അർധ സെഞ്ച്വറി പിന്നിട്ട രചിനെ ക്ലീൻ ബൗൾഡാക്കിയ സുന്ദർ, വൈകാതെ ടോം ബ്ലണ്ടലിനെയും (മൂന്ന്) ഇതേ രീതിയിൽ പുറത്താക്കി. പിടിച്ചുനിൽക്കാൻ ശ്രമിച്ച ഡാരിൽ മിച്ചലിനെ (18) വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ, ഗ്ലെൻ ഫിലിപ്സ് (ഒമ്പത്) അശ്വിന് ക്യാച്ച് നൽകി കൂടാരം കയറി.
ടിം സൗത്തി (അഞ്ച്), അജാസ് പട്ടേൽ (നാല്) എന്നിവർ പന്തിന്‍റെ ഗതി മനസ്സിലാകാതെ ബാറ്റ് വെച്ച് ക്ലീൻ ബൗൾഡായി. വാലറ്റത്തെ കൂട്ടുപിടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ച മിച്ചൽ സാന്‍റ്നർ സുന്ദറിന്‍റെ അവസാന ഇരയായി. ന്യൂസിലൻഡിന്‍റെ ആദ്യ ഇന്നിങ്സ് 259 റൺസിൽ അവസാനിച്ചു. സുന്ദർ ഏഴ് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശേഷിച്ച മൂന്ന് വിക്കറ്റ് ആർ. അശ്വിനാണ് പിഴുതത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റ് ആദ്യ ദിനം നഷ്ടമായി. റണ്ണൊന്നുമെടുക്കാതെയാണ് നായകൻ പുറത്തായത്. സ്റ്റമ്പെടുക്കുമ്പോൾ ഒന്നിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നാല് ദിവസത്തെ കളി ശേഷിക്കേ, വമ്പൻ സ്കോർ അടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാവും വെള്ളിയാഴ്ച ടീം കളത്തിലിറങ്ങുക. സുന്ദറിന്‍റെ ഓൾറൗണ്ട് മികവ് ബാറ്റിങ്ങിലും പ്രതിഫലിക്കുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.