ദുർബല എതിരാളികൾക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതകൾ കോമൺവെൽത്ത് ഗെയിംസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബാർബഡോസിനെ നൂറ് റൺസിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റിന് 162 റൺസെടുത്തു. ബാർബഡോസിന്റെ പോരാട്ടം 20 ഓവറിൽ എട്ടിന് 62ൽ അവസാനിച്ചു. നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസർ രേണുക സിങ്ങാണ് വിജയം അനായാസമാക്കിയത്.
ജെമീമ റോഡ്രിഗസ് പുറത്താവാതെ 46 പന്തിൽ 56 റൺസടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായി. ഓപണർ ഷഫാലി വർമയുടെയും (26 പന്തിൽ 43) ദീപ്തി ശർമയുടെയും (പുറത്താകാതെ 28 പന്തിൽ 34) മിന്നും പ്രകടനങ്ങളും ടീമിന് കരുത്തേകി. ബാർബഡോസ് നിരയിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്.
ഗ്രൂപ് എയിൽ രണ്ട് വിജയങ്ങളുമായി ആസ്ട്രേലിയക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യ. ഗ്രൂപ് ബി മത്സരങ്ങൾ കൂടി പൂർത്തിയായാലാണ് ശനിയാഴ്ചത്തെ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് വ്യക്തമാവുക. കോമൺവെൽത്ത് ഗെയിംസിൽ ഇതാദ്യമാണ് വനിത ക്രിക്കറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.