മുംബൈ: യു.കെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 23 അംഗ സ്ക്വാഡിലെ അംഗത്തിനാണ് രോഗബാധ.
എന്നാൽ രോഗം ബാധിച്ച കളിക്കാരന്‍റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് ഡെൽറ്റ വകഭേദമാണ് അദ്ദേഹത്തിന് ബാധിച്ചതെന്നാണ് കരുതുന്നത്.
ഇംഗ്ലണ്ടിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി താരങ്ങൾ ഡർഹാമിൽ ബയോബബ്ളിൽ പ്രവേശിക്കണമെന്ന് ബി.സി.സി.െഎ സെക്രട്ടറി ജയ് ഷാ ടീമിന് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച കളിക്കാരൻ വ്യാഴാഴ്ച ഡർഹാമിലേക്ക് തിരിക്കുന്നില്ല. ഇതുവരെ ഒരാൾക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും ടീം അംഗങ്ങൾ ഒരുമിച്ച് കൂടുന്നതോടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്.
വ്യാഴാഴ്ചയാണ് ടീം ലണ്ടനിൽ നിന്ന് ഡർഹാമിലേക്ക് പോകുന്നത്. ഡർഹാമിൽ വെച്ചാണ് ഇന്ത്യ രണ്ട് പരിശീലന മത്സരം കളിക്കുന്നത്. ആദ്യ ടെസ്റ്റ് നടക്കുന്ന ട്രെന്റ്ബ്രിജിലേക്ക് ഡർഹാമിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര മാത്രമേ ഉള്ളൂ. ഡർഹാമിൽ എത്തിയ ശേഷം കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.
ഇംഗ്ലണ്ടിലെ നാഷനൽ ഹെൽത്ത് സർവീസ് വൈകാതെ കോവിഡ് ബാധിച്ച കളിക്കാരന്‍റെ പേര് പുറത്തുവിടും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷമുള്ള ഇടവേളയിൽ ഈ കളിക്കാരൻ പൊതു പരിപാടികളിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.
പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ നിന്ന് ആസ്ട്രസെനക വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ടീം അംഗങ്ങൾക്ക് യു.കെയിൽ വെച്ച് ഈ മാസം രണ്ടാം ഡോസ് ലഭിക്കും.
സമീപകാലത്തായി ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം കൂടുകയാണ്. ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദമാണ് പടർന്ന് പിടിക്കുന്നത്. വിംബിൾഡൺ, യൂറോകപ്പ് മത്സരങ്ങൾ കാര്യങ്ങൾ വഷളാക്കിയതെന്നാണ് നിഗമനം. പാകിസ്താനെതിരായ പരമ്പരക്ക് മുന്നോടിയായി ഇംഗ്ലണ്ട് ടീമിലെ നിരവധി കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടാം നിര ടീമിനെ വെച്ചാണ് ഇംഗ്ലണ്ട് പരമ്പര കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.