ന്യൂയോർക്: കിരീട ഫാവറിറ്റുകളും ശരാശരിക്കാരും ഒപ്പം ക്രിക്കറ്റ് മൈതാനങ്ങളിലെ പതിവു സാന്നിധ്യമല്ലാത്ത ഇത്തിരിക്കുഞ്ഞന്മാരും ഒന്നിച്ച് ബാറ്റുപിടിച്ചെത്തുന്ന അമേരിക്കൻ വൻകരയിൽ ഇനി മാസം നീളുന്ന കളിപ്പൂരം. വേദികൾ മുതൽ ടീമുകളുടെ എണ്ണം വരെ എല്ലാറ്റിലും പുതുമ നിറയുന്ന ട്വന്റി20 ലോകകപ്പിനാണ് ഇത്തവണ യു.എസിലും വെസ്റ്റിൻഡീസിലുമായി കളിയുണരുന്നത്. സമീപകാലത്ത് മുൻനിര കിരീടങ്ങൾക്ക് മുന്നിലെത്തുമ്പോൾ കാലിടറി വീഴുന്നുവെന്ന വലിയ പരിഭവം തീർക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസിന് നീണ്ട ഇടവേളക്കുശേഷം നഷ്ടപ്രതാപത്തിലേക്ക് തിരികെ പോകലാണ് ലക്ഷ്യം. ഒന്നിൽ തുടങ്ങുന്നവരെന്ന ക്ഷീണം തീർക്കാൻ ബംഗ്ലാ കടുവകൾക്കെതിരെ ആദ്യം പരമ്പര ജയിച്ചെത്തുന്ന അമേരിക്ക സ്വന്തം മൈതാനങ്ങളിൽ ഏതറ്റം വരെ പോകുമെന്നതും കാത്തിരുന്ന് കാണണം.
എത്ര പിറകിലാകുമ്പോഴും അവസാന കടമ്പകൾക്ക് മുന്നിലെത്തുമ്പോൾ ഒറ്റയാനായി കപ്പ് മാറോടു ചേർത്ത് കംഗാരു മണ്ണിലേക്ക് മടങ്ങുന്ന ഓസീസ് വീര്യം തന്നെയാണ് ഇത്തവണയും ഏവർക്കും മുന്നിലെ വലിയ ഭീഷണി. ഹെന്റിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ക്വിൻൺ ഡി കോക്ക്, കാഗിസോ റബാദ തുടങ്ങി ഏറ്റവും മികച്ചവരെ കൂട്ടുപിടിച്ച് കരുത്തുകാട്ടാൻ വരുന്ന പ്രോട്ടീസും ചില്ലറക്കാരല്ല. ഇടക്ക് ജ്വലിച്ചും മറ്റുചിലപ്പോൾ തകർന്നടിഞ്ഞും പ്രവചനങ്ങൾക്ക് വഴങ്ങാത്ത പാകിസ്താൻ, ന്യൂസിലൻഡ് എന്നിവക്കും സമീപകാലത്തെ രാഷ്ട്രീയ തകർച്ചകൾക്കിടെ ക്രിക്കറ്റും അപകടത്തിലായ ലങ്കക്കും അമേരിക്കൻ- കരീബിയൻ മണ്ണിൽ വൻവിജയങ്ങൾതന്നെ സ്വപ്നം. കിരീടം കാക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. താരപ്പെരുമ ലോകമറിഞ്ഞെങ്കിലും ടീമെന്ന നിലക്ക് മുന്നേറുന്നതിൽ പാളിപ്പോകുന്ന അഫ്ഗാനിസ്താനും കളി കാര്യമാക്കാൻ എത്തുന്നുണ്ട്.
20 ടീമുകളെ അണിനിരത്തി വമ്പൻ ഫോർമാറ്റിലേക്ക് കളി ഉണരുന്നുവെന്നത് മാത്രമല്ല, അമേരിക്ക ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നുവെന്നത് കൂടി ഈ ട്വന്റി20 ലോകകപ്പിന്റെ സവിശേഷത. 29 ദിവസങ്ങളിലായി നടക്കുന്ന 55 കളികളിൽ 16 എണ്ണം അമേരിക്കയിലെ വേദികളിലാകും. സൂപ്പർ എട്ട്, സെമിഫൈനൽ, ജൂൺ 29ലെ ഫൈനൽ എന്നിവയടക്കം നോക്കൗട്ട് പോരാട്ടങ്ങൾ പൂർണമായി കരീബിയൻ വേദികളിലാകും.
2013ലെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിനുശേഷം അകന്നുനിൽക്കുന്ന മുൻനിര കിരീടങ്ങളിലേക്ക് അടിച്ചുകയറാനാണ് രോഹിതും സംഘവും ഇത്തവണ വിമാനം കയറുന്നത്. ടീമെന്ന നിലക്ക് സമാനതകളില്ലാത്തതാണ് ഇന്ത്യയുടെ ലൈനപ്പ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഏത് മൈതാനത്തും തീപടർത്താനാകുന്നവർ. രോഹിതിന് മുമ്പ് ക്യാപ്റ്റൻ പദവിയിൽ ഏറെക്കാലമുണ്ടായിട്ടും വിരാട് കോഹ്ലിക്ക് ഇങ്ങനെയൊരു കിരീടം പിടിക്കാനായിരുന്നില്ല. ആ കടം രോഹിത് തീർക്കുമോയെന്നാണ് കാത്തിരിപ്പ്.
കഴിഞ്ഞ 12 മാസത്തിനിടെ രണ്ട് ഐ.സി.സി ടൂർണമെന്റുകളിൽ റണ്ണറപ്പായ ടീം അവസാനം ഏകദിന ലോകകപ്പിൽ കലാശപ്പോരാട്ടം വരെ പുറത്തെടുത്ത കളിയഴക് അവസാനം ഓസീസിന് മുന്നിലെത്തിയപ്പോൾ വെറുതെ കളഞ്ഞുകുളിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ട്വൻറി20 ലോകകപ്പുകളിലും ടീം ഇന്ത്യക്ക് ഏറെയൊന്നും മുന്നേറാനായിരുന്നില്ല. എന്നാൽ, അടുത്തിടെ സമാപിച്ച ഐ.പി.എല്ലിൽ അദ്ഭുതകരമായ മികവുമായി എണ്ണമറ്റ താരങ്ങൾ മുന്നിൽ നിന്നത് ഒരിക്കലൂടെ സ്വപ്നങ്ങൾക്ക് നിറം പകരും. പാകിസ്താനെതിരെ ജൂൺ ഒമ്പതിലെ മത്സരമടക്കം മൂന്നു കളികൾ താൽക്കാലിക മൈതാനങ്ങളിലാകും നടക്കുക.
1844നു ശേഷം ടൂർണമെന്റുകളിൽ ഒരിക്കൽപോലും മുഖാമുഖം നിന്നിട്ടില്ലാത്ത രണ്ടു ടീമുകളാണ് ഇത്തവണ ടൂർണമെന്റിന് തുടക്കം നൽകുക- അയൽക്കാരായ അമേരിക്കയും യു.എസും തമ്മിൽ ഡാളസിലാണ് ഉദ്ഘാടന മത്സരം. അമേരിക്കക്ക് ക്രിക്കറ്റ് ഭൂപടത്തിലേക്ക് ഇത് തിരിച്ചുനടത്തത്തിന്റെ ആഘോഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ബംഗ്ലാദേശിനെതിരെ പരമ്പര ജയിച്ചവർ കാനഡയെയും സൗഹൃദപ്പോരിൽ കീഴടക്കിയിരുന്നു. നേരത്തേ ഏകദിന ലോകകപ്പിൽ കളിച്ച അനുഭവപരിചയമുണ്ട് കാനഡക്ക്. ഉഗാണ്ടയാണ് കന്നിക്കാരായ മറ്റൊരു ടീം.
ഏകദിന ലോകകപ്പിൽ എല്ലാം കൈവിട്ടുപോയ ജോസ് ബട്ലർക്കും സംഘത്തിനും കുട്ടിക്രിക്കറ്റിലെ ലോകചാമ്പ്യൻപട്ടം കൈവിടാതെ തിരിച്ചുപോകുകയെന്ന ബാധ്യത മുന്നിലുണ്ട്. 2022ൽ ഇംഗ്ലീഷുകാർ തന്നെയായിരുന്നു ഏറ്റവും മികച്ച ടീം. അതേ മികവ് ഇപ്പോഴും ടീം നിലനിർത്തുന്നോ എന്നതാണ് സംശയം. കഴിഞ്ഞ തവണ ഫൈനലിസ്റ്റുകളായ പാകിസ്താന് ബാറ്റിങ് ഇത്തവണ പരീക്ഷണമാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ന്യൂയോർക്: പുതിയ മൈതാനവും മണ്ണും പരിചയിക്കാൻ ഇന്ത്യയിന്ന് സൗഹൃദപ്പോരിന്. ജൂൺ അഞ്ചിന് ആദ്യമത്സരം വരാനിരിക്കെ ന്യൂയോർകിലെ നസ്സാവു കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബംഗ്ലദേശിനെതിരെയാണ് മത്സരം. ബാറ്റും ബാളും മൂർച്ചയേറിയതെന്ന് ഉറപ്പാക്കി യശസ്വി ജയ്സ്വാൾ, അർഷ്ദീപ് സിങ് തുടങ്ങിയ താരനിരയാകും ഇറങ്ങുക. മത്സരത്തിന് ഔദ്യോഗിക പദവിയില്ലാത്തതിനാൽ 15 അംഗ ടീമിലെ പ്രമുഖർക്ക് അവധി നൽകിയേക്കുമെന്നാണ് സൂചന.
ഇനിയും അമേരിക്കയിലെത്താത്ത കോഹ്ലി മത്സരത്തിന് തൊട്ടുമുമ്പാകും വിമാനമിറങ്ങുക. ലോകകപ്പിലെ ആദ്യ ഇലവൻ ആരൊക്കെയാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ജയ്സ്വാൾ, ശിവം ദുബെ എന്നിവരിൽ ഒരാളാകും പരിഗണിക്കപ്പെടുക. ‘ശിവം ദുബെ സിക്സ് പറത്തും മെഷീനാണ്. ട്വന്റി20 ലോകകപ്പിൽ അയാൾ അദ്ഭുതങ്ങളുടെ തമ്പുരാനായേക്കും. പക്ഷേ, അയാളെ ടീമിലെടുക്കാൻ യശസ്വിയെ മാറ്റിനിർത്തണം. തീരുമാനം രോഹിതിനാണ്’- മുൻ താരം സുരേഷ് റെയ്നയുടെ വാക്കുകൾ. ഓപണിങ് ബൗളിങ്ങിൽ ജസ്പ്രീത് ബുംറക്കൊപ്പം ആരാകുമെന്നതാണ് പ്രധാന ചോദ്യം. അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും തമ്മിലാണ് പ്രധാന പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.