നേരത്തേ സൂര്യനുദിക്കുന്ന സിഡ്നിയിൽ നിന്നും ഇന്ത്യയുടെ കൂട്ടത്തകർച്ചയുടെ വാർത്ത പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്നവരായിരുന്നു ഏറെപ്പേരും. കംഗാരുക്കളാകട്ടെ, എല്ലാം നേരത്തേ തീർത്ത് മടങ്ങാനുള്ള തയ്യാറെടുപ്പിലും. ഒടുവിൽ ഗ്രൗണ്ടും ഗാലറിയും സാഹചര്യവുമെല്ലാം എതിരെ അണിനിരന്നിട്ടും മനസ്സാന്നിധ്യം കൊണ്ട് അവയെയെല്ലാം വകഞ്ഞുമാറ്റിയ ഇന്ത്യയുടെ വീരഗാഥക്ക് വെളിച്ചം പകർന്നാണ് സിഡ്നിയിൽ സൂര്യൻ പസഫിക്കിൽ താഴ്ന്നത്.
ഗാലറിയിൽ നിന്നുംകേട്ട അധിക്ഷേപങ്ങൾ, ഓസീസിന്‍റെ പ്രകോപനങ്ങൾ, സമ്മർദത്തിന്‍റെ ചൂേടറ്റി തുളച്ചുകയറുന്ന ആസ്ട്രേലിയൻ പേസർമാരുടെ പന്തുകൾ, ആത്മവിശ്വാസത്തെ തരിപ്പണമാക്കാൻപോന്ന പരിക്കുകൾ ...ഇന്ത്യക്ക് തോൽക്കാൻ കാരണങ്ങളേറെയുണ്ടായിരുന്നു. പക്ഷേ വിജയിക്കാൻ ഒരുെമ്പട്ടിറങ്ങിയ ഇന്ത്യൻവീര്യത്തെ നിർവീര്യമാക്കാൻപോന്ന ശേഷിപ്പുകളൊന്നുമില്ലാതെ ടിംപെയ്നുംകൂട്ടരും നിസ്സഹായരായി ഗ്രൗണ്ടിൽ പന്തുപെറുക്കി നടന്നു.
അഞ്ചാംദിനം വെയിലധികം കൊള്ളും മുേമ്പ രഹാനെ തിരിച്ചുകയറിയപ്പോൾ ആസ്ട്രേലിയ വിജയം കൊതിച്ചതാണ്. പക്ഷേ ഒരറ്റത്ത് ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ഋഷഭ് പന്തും പഴുതടച്ച പ്രതിരോധവുമായി ചേതേശ്വർ പൂജാരയും ഉറച്ചുനിന്നതോടെ ഇന്ത്യ ഒരു ചരിത്രജയം സ്വപ്നം കണ്ടു. അർഹിച്ച സെഞ്ച്വറിക്കരികെ ഋഷഭ് പന്തും വൈകാതെ പുജാരയും മടങ്ങിയതോടെ വിജയം മണത്ത് കംഗാരുക്കൾ ആവേശം കൊണ്ടു. നിരായുധരായി കീഴടങ്ങുമെന്ന് കരുതിയവരെയെല്ലാം സഹനസമരം കൊണ്ട് അശ്വിനും വിഹാരിയും െഞട്ടിച്ചു.
വിക്കറ്റിനിടയിൽ ഓടിയെത്താൻ പോലുമാകാതെ വേദന കടിച്ചമർത്തി ബാറ്റുചെയ്ത വിഹാരിയും നെറ്റ്സിൽ ഇടവേളകളിൽ മാത്രം ബാറ്റിങ് പരിശീലനത്തിൽ ഏർപ്പെടുന്നതിന്‍റെ പാളിച്ചകൾ പ്രകടമാക്കാതെ അശ്വിനും ചേർന്ന് നടത്തിയത് അതിജീവനത്തിന്‍റെ ബിനാലെയായിരുന്നു. ഒാരോ ഓവർ കഴിയുന്തോറും മുഖവും മനസ്സും ചുവന്നുതുടുത്ത്വന്ന കംഗാരുക്കൾ പലകുറി പ്രകോപിതരാക്കിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള പാതയിൽ അവർ ഒരിഞ്ചും ഉലഞ്ഞില്ല. വാരിയെല്ലിനെയും കൈമുട്ടിനെയുമെല്ലാം പൊള്ളിച്ച് കടന്നുപോയ ചുവന്നപന്തുകളുടെ ചുംബനങ്ങൾക്കും അവരെ വീഴ്ത്താനായില്ല. വിജയത്തേക്കാൾ വലിയ സമനിലയുമായി ക്രിക്കറ്റ്ലോകത്തെ മുഴുവൻ ഉന്മാദത്തിലാക്കിയാണ് അവർ തിരിഞ്ഞുനടന്നത്.
അരങ്ങേറ്റ ടെസ്റ്റ് പരമ്പരക്കിറങ്ങിയ പേസ് ബൗളർമാരെയും ചുവന്നപന്തിനെ അടിച്ച് ഇനിയും പതംവന്നിട്ടില്ലാത്ത യുവതാരങ്ങളേയും വെച്ച് കംഗാരുക്കളുെട ഈറ്റില്ലങ്ങളിൽ കൊമ്പുകോർത്ത നായകൻ രഹാനെക്കും ഈ സമനിലയിൽ അഭിമാനിക്കേറെയുണ്ട്. അഡലെയ്ഡിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ കുറിച്ചതിനുപിന്നാലെയാണ് നക്ഷത്ര പരിവേഷമുള്ള കോഹ്ലി മടങ്ങിയത്. പിന്നാലെ അനുഭവസമ്പന്നരായ ഷമിയും ഉമേഷും പരിക്കേറ്റ് പുറത്ത്. 'അര' ടീമുമായി ബോക്സിങ്ങ് ഡേയിൽ ഓസീസിനെ മറിച്ചിട്ട രഹാനെയും സംഘവും സിഡ്നിയിൽ മുറിവേറ്റിട്ടും വീഴാതെനിന്ന് വീണ്ടും വിസ്മയമാകുകയാണ്.
കംഗാരുക്കളെ തോൽപ്പിക്കാൻ അവരുടെ അപ്പനാകുന്ന വിരാടിയൻ സമീപനമല്ല രഹാനയുടേത്. നടപ്പിലും ഇരുപ്പിലും ജന്‍റിൽമാൻ ഗെയിമിന് മുറിവേൽപ്പിക്കാത്ത ദ്രാവിഡിയൻ സ്കൂളിന്റെ ഉൽപ്പന്നമാണയാൾ. പക്ഷേ തീരുമാനങ്ങളെടുക്കുന്നതിലും ആത്മവിശ്വാസം പകരുന്നതിലും നയതന്ത്രപാടവമുണ്ടെന്നതിന് ഈ പരമ്പര സാക്ഷി. വെള്ളക്കാരന്‍റെ അധിക്ഷേപമുനകളിൽ മുറിഞ്ഞ സിറാജിന്‍റെ ചുമലിൽ കൈയ്യിട്ട് ചേർത്തുനിർത്തിയ ദൃശ്യത്തിൽ രഹാനെയെന്ന നായകനുണ്ട്. ബ്രിസ്ബേനിലെ അവസാന ടെസ്റ്റിന്‍റെ ഫലമെന്തായാലും ഹൃദയങ്ങളെ ജയിച്ചാകും ഇന്ത്യ നാട്ടിൽ തിരികെയെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.