ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ 199 റൺസിന് കൂടാരം കയറ്റിയതിന്റെ ആത്മവിശ്വാസത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ചുവട് പിഴച്ചു. ഓപണർമാരായ നായകൻ രോഹിത് ശർമയും ഇഷാൻ കിഷനും ശ്രേയസ് അയ്യരുമാണ് റൺസൊന്നുമെടുക്കാതെ പുറത്തായി. രണ്ടു വിക്കറ്റെടുത്ത ജോഷ് ഹസൽവുഡും ഒരു വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കുമാണ് ഇന്ത്യക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.
സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യ 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലാണ്. 21 റൺസെടുത്ത വിരാട് കോഹ്‌ലിയും 14 റൺസെടുത്ത കെ.എൽ.രാഹുലുമാണ് ക്രീസിൽ.
നേരത്തെ ആസ്ട്രേലിയയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ പേസർമാരും സ്പിന്നർമാരും ചേർന്ന് വരിഞ്ഞ് മുറുക്കുക്കിയത്. 49.3 ഓവറിൽ 199 റൺസെടുക്കുന്നതിനിടെ അവർക്ക് എല്ലാ വിക്കറ്റും നഷ്ടമായി. ഇന്ത്യക്കായി പന്തെറിഞ്ഞവർക്കെല്ലാം വിക്കറ്റ് ലഭിച്ചപ്പോൾ പത്തോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റുമായി രവീന്ദ്ര ജദേജ മികച്ചുനിന്നു. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ രണ്ടുവീതവും രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി.
സ്കോർ ബോർഡിൽ അഞ്ച് റൺസ് ആയപ്പോഴേക്കും ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ആറ് പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന മിച്ചൽ മാർഷിനെ ബുംറയുടെ പന്തിൽ കോഹ്‍ലി പിടികൂടുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും ചേർന്ന് ടീമിനെ കരകറ്റാൻ ശ്രമിക്കുന്നതിനിടെ 52 പന്തിൽ 41 റൺസെടുത്ത വാർണറെ സ്വന്തം ബാളിൽ പിടികൂടി കുൽദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ജദേജയുടെ ഊഴമായിരുന്നു. 71 പന്തിൽ 46 റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ ബൗൾഡാക്കിയ ജദേജ, മാർനസ് ലബൂഷെയ്നെ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ചു.
41 പന്തിൽ 27 റൺസായിരുന്നു ലബൂഷെയ്നിന്റെ സംഭാവന. അലക്സ് കാരിയെ റണ്ണെടുക്കും മുമ്പും ജദേജ തിരിച്ചയച്ചതോടെ സന്ദർശകർ അഞ്ചിന് 119 എന്ന നിലയിലേക്ക് വീണു. 25 പന്തിൽ 15 റൺസെടുത്ത െഗ്ലൻ മാക്സ് വെല്ലിന്റെ സ്റ്റമ്പ് കുൽദീപ് യാദവ് തെറിപ്പിച്ചപ്പോൾ എട്ട് റൺസെടുത്ത കാമറൂൺ ഗ്രീനിനെ അശ്വിൻ പാണ്ഡ്യയുടെ കൈയിലെത്തിച്ചു. 24 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബുംറയുടെ പന്തിൽ ശ്രേയസ് അയ്യർ പിടികൂടിയതോടെ ഓസീസ് എട്ടിന് 165 എന്ന ദയനീയ നിലയിലേക്ക് വീണു. ആറ് റൺസെടുത്ത ആദം സാംബയെ രണ്ടാം വരവിലെത്തിയ പാണ്ഡ്യ കോഹ്‍ലിയുടെ കൈയിലെത്തിച്ചു.
അവസാന ഘട്ടത്തിൽ പിടിച്ചുനിന്ന മിച്ചൽ സ്റ്റാർക്കിന്റെ ബാറ്റിങ്ങാണ് സ്കോർ 199ൽ എത്തിച്ചത്. 35 പന്ത് നേരിട്ട് 28 റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജിന്റെ പന്തിൽ ശ്രേയസ് അയ്യർ പിടികൂടിയതോടെ ഓസീസ് ഇന്നിങ്സിനും വിരാമമായി. ഒരു റൺസുമായി ജോഷ് ഹേസൽവുഡ് പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.