ഈ സീസണിലെ ഐ.പി.എൽ ടൂർണമെൻറിൽ കളിക്കില്ലെന്നറിയിച്ച് യു.എ.ഇയിൽ നിന്ന് സുരേഷ് റെയ്ന കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. 'വ്യക്തിപരമായ കാരണങ്ങളാൽ' ഐ.പി.എല്ലിൽ നിന്ന് പിൻവാങ്ങി ഇന്ത്യയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ചാണ് താരം യു.എ.ഇ വിട്ടത്. എന്നാൽ, പരിക്കോ മറ്റു ഫിറ്റ്നസ് പ്രശ്നങ്ങളോ ഇല്ലാതിരുന്നിട്ടും താരം എന്തിനാണ് ഐ.പി.എല്ലിൽ നിന്ന് പിൻവാങ്ങിയതെന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ അന്വേഷിക്കുന്നത്.
അതിനിടക്കാണ് റെയ്നയുടെ ഉറ്റ ബന്ധുക്കൾക്ക് കൊള്ളക്കാരിൽ നിന്ന് ആക്രമണമുണ്ടായ വാർത്ത പുറത്തുവരുന്നത്. റെയ്നയുടെ ബന്ധുക്കളായ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് അജ്‍ഞാത ആയുധ സംഘം ആക്രമിച്ചത്. പഞ്ചാബിലെ പഠാൻകോട്ടിലായിരുന്നു ആക്രമണം. റെയ്നയുടെ പിതാവിൻെറ സഹോദരിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ പിതാവിൻെറ സഹോദരീ ഭർത്താവ് അശോക് കുമാർ (58) ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിതാവിൻെറ സഹോദരി സഹോദരി ആശാ ദേവി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലപ്പെട്ട അശോക് കുമാറിൻെറ അമ്മ(80) സത്യദേവിയും അശോക് കുമാർ-ആശാ ദേവി എന്നിവരുടെ മക്കളായ കൗശൽ കുമാർ (32), അപിൻ കുമാർ (24) എന്നിവർക്കും ആക്രമണത്തിൽ ഗുരുതര പരിക്കുണ്ട്.
ഓഗസ്റ്റ് 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോർട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.