ലണ്ടൻ: ഗസ്സയിൽ മരണം വിതച്ച് ഇസ്രായേൽ സൈന്യത്തിന്‍റെ മഹാക്രൂരത തുടരുന്നതിനിടെ ഫലസ്തീന് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങൾ. വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരൻ സമ്മി, ദക്ഷിണാഫ്രിക്കയുടെ സൂപ്പർതാരം കാഗിസോ റബാദ, ലോക ഏകദിന ഒന്നാം നമ്പർ ബാറ്റ്സ്മാൻ ബാബർ അസം, പാക് താരങ്ങളായ ഷദാബ് ഖാൻ, അസ്ഹർ അലി, ഷാൻ മസൂദ്, അഫ്ഗാനിസ്താൻ താരം റാഷിദ് ഖാൻ അടക്കമുള്ള വലിയ താരനിര ഫലസ്തീൻ അനുകൂല കാമ്പയിനിൽ അണിചേർന്നു.
''മറ്റുള്ളവർ നിങ്ങളെ എങ്ങനെ പരിഗണിക്കപ്പെടണമെന്ന് കരുതുന്നുവോ അതുപോലെ മറ്റുള്ളവരെ നിങ്ങളും പരിഗണിക്കാത്തതെന്താണ്?. അതല്ലെങ്കിൽ എല്ലാവരെയും എന്തുകൊണ്ട് മനുഷ്യൻമാരായി പരിഗണിച്ചുകൂടാ'' -'പ്രേ ഫോർ ഫലസ്തീൻ' ടാഗിനൊപ്പം സമി ട്വീറ്റ് ചെയ്തു.
''ഫലസ്തീനികൾക്കൊപ്പം തന്‍റെ പ്രാർഥനയുണ്ട്. മാനവികതക്കൊപ്പം നിൽക്കാൻ നമ്മൾ മനുഷ്യരാകണം''- ബാബർ അസം ട്വീറ്റ് ചെയ്തു. ഇസ്രായേൽ ഫലസ്തീനെതിരെ നടത്തുന്ന തീവ്രവാദവും ക്രൂരതയും അംഗീകരിക്കാനാകില്ലെന്നാണ് അസ്ഹറലി ട്വീറ്റ് ചെയ്തത്.
''ലോകത്തെല്ലായിടത്തും ക്രിക്കറ്റ് കളിക്കുന്ന താരമെന്ന നിലക്ക് യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തിന് ഞാൻ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്താനിലും ഫലസ്തീനിലും ആളുകൾ കൊല്ലപ്പെടുന്നത് എനിക്ക് കണ്ടുനിൽക്കാനാകുന്നില്ല. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാൾ വലിയ തെറ്റ് ഈ ലോകത്തില്ല. കുഞ്ഞുങ്ങൾ ബോംബിന്‍റെയല്ലാതെ കിളികളുടെ ശബ്ദം കേട്ടുണരാൻ ഞാൻ ആഗ്രഹിക്കുന്നു'' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു. കഗിസോ റബാദ 'പ്രേ ഫോർ ഫലസ്തീൻ' ടാഗ് പോസ്റ്റ് ചെയ്താണ് ഐക്യദാർഢ്യം അൽപ്പിച്ചത്.
മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ, പാകിസ്താൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തുടങ്ങിയവർ നേരത്തേ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് സലാഹ്, റിയാദ് മെഹ്റസ് അടക്കമുള്ള ഫുട്ബാൾ താരങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.