ഈ ലോകകപ്പിലെ മികച്ച താരങ്ങളാകാൻ സാധ്യതയുള്ളവരെ ഉൾപെടുത്തി ഒരു ടീം ഉണ്ടാക്കിയാൽ എങ്ങിനെയിരിക്കും ?. സൂപ്പർ 12ലേക്ക് നേരത്തെ യോഗ്യത നേടിയ എട്ട് ടീമുകളിലെ താരങ്ങളെയാണ് ഇതിനായി പരിഗണിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനെയാണ് ഈ ഡ്രീം ഇലവനെയും നയിക്കുന്നത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടതും ഈ താരങ്ങളെ തന്നെയായിരിക്കും.
ട്വൻറി 20യിലെ ഏറ്റവും മികച്ച താരമായി കരുതുന്ന കളിക്കാരനാണ് പാകിസ്താൻ നായകൻ ബാബർ അസം. ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ ഇന്ത്യ ഏറ്റവുമധികം ഭയപ്പെടുന്നതും ബാബറിനെയാണ്. സ്ഥിരതയില്ലാത്ത പാകിസ്താൻ ബാറ്റിങ് നിരയിൽ സ്ഥിരതയുള്ള ഏക താരവും ബാബറാണ്. ബാറ്റിങ് ശരാശരിയിൽ പലപ്പോഴും വിരാട് കോഹ്ലിയോടാണ് മത്സരം. ബാറ്റ് ചെയ്ത 56 ഇന്നിങ്സിൽ 20ലും അർധശതകം പിന്നിട്ടു. ഒരു സെഞ്ച്വറിയും നേടി. ബാബറിനൊപ്പം ഓപണിങിന് പരിഗണിക്കാവുന്നത് ഓസീസ് നായകൻ ആരോൺ ഫിഞ്ചിനെയാണ്. ഓസീസ്തുടർച്ചയായി തോൽക്കുന്നുണ്ടെങ്കിലും ഫിഞ്ച് റാങ്കിങിൽ മൂന്നാം സ്ഥാനത്തുണ്ട്. മികച്ച ശരാശരിക്ക് പുറമെ 150ന് മുകളിൽ സ്ട്രൈക്ക് റേറ്റുമുള്ള താരമാണ്.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ നായകൻ വിരാട് കോഹ്ലിയാണ്. സെഞ്ച്വറി ക്ഷാമം നേരിടുന്നുണ്ടെങ്കിലും ലോക ക്രിക്കറ്റിലെ ഏത് ഫോർമാറ്റ് എടുത്താലും കോഹ്ലിയെ ഒഴിവാക്കിയുള്ള ടീം അപൂർണമായിരിക്കും. 30 പന്ത് കളിച്ചാൽ ശരാശരി 50 റൺസ് പ്രതീക്ഷിക്കാവുന്ന താരമാണ് കോഹ്ലി. ഓപ്പണിങ് റോളിലോ വൺ ഡൗണായോ കോഹ്ലിയെ പ്രതീക്ഷിക്കാം. ഈ ലോകകപ്പിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കോഹ്ലിക്ക് കിരീടം നേടി പിൻമാറാനുള്ള അവസരമാണ് ഈ ലോകകപ്പ്. അതിനാൽ, ഈ ലോകകപ്പിൽ കോഹ്ലിയെ മറ്റ് ടീമുകൾ ഭയക്കേണ്ടിയിരിക്കുന്നു.
ട്വൻറി 20യിൽ 50ന് മുകളിൽ ശരാശരിയുള്ള ഒരേയൊരു താരവുമാണ് കോഹ്ലി. മധ്യനിരയിൽ വെടിക്കെട്ട് റിഷബ് പന്തും കിറോൺ പൊള്ളാർഡും രവീന്ദ്ര ജദേജയും നേതൃത്വം നൽകുന്ന മധ്യനിര വെടിക്കെട്ടിെൻറ മേളം തീർക്കാൻ കഴിയുന്നവരാണ്. ഏത് തകർച്ചയിലും രക്ഷിക്കാൻ കെൽപ്പുള്ളവരാണ് മൂന്ന് പേരും. പരാജയത്തിലേക്ക് നീങ്ങുന്ന ടീമിെന കരക്കുകയറ്റാനുള്ള ഇവരുെട കഴിവ് ക്രിക്കറ്റ് ലോകം പലതവണ ദർശിച്ചിട്ടുണ്ട്. ബൗളിങിലും മികച്ച പ്രകടനം നടത്താൻ കഴിയുന്നവരാണ് ജദേജയും പൊള്ളാർഡും.
ഐ.പി.എല്ലിൽ നിറം മങ്ങിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഫോമിലാണ് ഇംഗ്ലീഷ് താരം ഒായിൻ മോർഗൻ. ലോകകപ്പിലെ നായകൻമാരുടെ പട്ടികയെടുത്താൽ ഏറ്റവും മികച്ച ക്യാപ്റ്റനായി മോർഗനുണ്ടാകും. അദ്ദേഹത്തിന് കീഴിൽ ഇംഗ്ലണ്ട് കളിച്ച 64 മത്സരങ്ങളിൽ 37ലും ജയംകണ്ടു. വിജയ ശതമാനം 60.31. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടം അണിയിച്ച നായകൻ കൂടിയാണ്. ഐ.പി.എല്ലിൽ കൊൽക്കത്തയെ ഫൈനലിൽ എത്തിച്ചതിലും മോർഗെൻറ നായകത്വത്തിന് പങ്കുണ്ട്
ബൗളിങിൽ മിനിമം ഗാരൻറിയാണ് റാഷിദ് ഖാൻ. നാല് ഒാവറിൽ റാഷിദിനെതിരെ 30 റൺസിൽ കൂടുതൽ അടിക്കാൻ നന്നായി പാടുപെടും. ഡെത്ത് ഓവറുകളിൽ ഇന്ത്യയുടെ പ്രതീക്ഷ ജാസ്പ്രീത് ബൂംറയിലാണ്. വിക്കറ്റെടുക്കുന്നതിൽ പിന്നിലാണെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്കനാണ് ബൂംറ. സ്പിന്നിനെ തുണക്കുന്ന യു.എ.ഇയിലെ പിച്ചിൽ രണ്ടാം സ്പിന്നറായി പരിഗണിക്കാവുന്നത് ദക്ഷിണാഫ്രിക്കയുടെ തബ്റൈസ് ഷംസിെയയാണ്.
ഐ.സി.സി ട്വൻറി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഷംസി. ദിവസവും പിന്നോട്ടുപോകുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ റൺസിന് പിശുക്ക് കാണിക്കുന്ന ഏക ബൗളർകൂടിയാണ് ഷംസി. ബൗളിങ് ഒാപൺ ചെയ്യാൻ ഏറ്റവും മികച്ചത് ന്യൂസിലൻഡിെൻറ ലൂക്കി ഫെർഗുസണായിരിക്കും. 13 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റെടുത്ത ഫെർഗുസൻ ഏഴ് റൺസിൽ താഴെയാണ് എക്കോണമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.