ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

സിഡ്നി: ആസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപണർമാരിൽ ഒരാളായ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഏകദിനത്തിൽ നിന്നും പാഡഴിക്കാൻ 37 കാരനായ ഓസീസ് താരം തീരുമാനിച്ചത്. എന്നാൽ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ സേവനം ആവശ്യപ്പെടുകയാണെങ്കിൽ കളിക്കാൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടെസ്റ്റിൽ നിന്നും വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച സിഡ്നിയിൽ ആരംഭിക്കും. ഇതിനിടെയാണ് ഏകദിനവും അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനം എടുത്തത്.

കുടുംബത്തിനൊപ്പം സമയം കണ്ടെത്താനാണ് താരം വിരമിക്കാൻ തീരുമാനിച്ചതെന്നാണ് വിശദീകരണം. 161 ഏകദിനങ്ങൾ കളിച്ച ഡേവിഡ് വാർണർ 45.30 ശരാശരിയിൽ 22 സെഞ്ച്വറികൾ ഉൾപ്പെടെ 6932 റൺസെടുത്തിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ആസ്ട്രേലിയൻ താരമാണ് വാർണർ. സെഞ്ച്വറികളുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതാണ്. 29 സെഞ്ച്വറികൾ നേടിയ റിക്കിപോണ്ടിങ്ങാണ് വാർണർക്ക് മുന്നിലുള്ളത്. 2015ലും 2023 ലും ഉൾപ്പെടെ രണ്ട് ലോകകപ്പ് കിരീടങ്ങളുടെയും ഭാഗമായിരുന്നു.

2023 ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 48.63 ശരാശരിയിൽ 535 റൺസ് നേടിയ വാർണറായിരുന്നു ആസ്ട്രേലിയക്കായി ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്തത്. 2015ൽ എട്ടു ഇന്നിങ്സുകളിൽ നിന്ന് 49.28 ശരാശരിയിൽ 345 റൺസ് നേടിയ താരം ആ ലോകകപ്പിൽ ഏറ്റവു കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ആസ്ട്രേലിയക്കാരനായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ലെങ്കിൽ 2023 ലോകകപ്പിലെ ഇന്ത്യയുമായുള്ള ഫൈനൽ മത്സരമായിരിക്കും ഡേവിഡ് വാർണറുടെ കരിയറിലെ അവസാന ഏകദിനം.

അതേസസമയം, 111 ടെസ്റ്റുകളിൽ നിന്നായി 44.58 ശരാശരിയിൽ 8695 റൺസ് നേടിയ വാർണർ 26 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമാത്തെ ആസ്ട്രേലിയൻ താരവുമാണ് വാർണർ. 

Tags:    
News Summary - David Warner announces shock retirement from ODIs before final Test against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.