ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം ആര്? ഇതിഹാസങ്ങളായ സചിൻ തെണ്ടുൽക്കർ, ഡോൺ ബ്രാഡ്മാൻ, വിവിയൻ റിച്ചാർഡ്സ്, വിരാട് കോഹ്ലി എന്നിവരിൽ ആരുടെയെങ്കിലും പേരുകളായിരിക്കും ക്രിക്കറ്റ് പ്രേമികളും താരങ്ങളും പണ്ഡിറ്റുകളും തെരഞ്ഞെടുക്കുക.
ദക്ഷിണാഫ്രിക്കയുടെ മുൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സ്, സ്പിൻ ഇതിഹാസങ്ങളായ ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ എന്നിവരും ഗോട്ട് ഓഫ് ക്രിക്കറ്റ് ചർച്ചകളിൽ ഇടംനേടാറുണ്ട്. എന്നാൽ, വെറ്ററൻ ആസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ക്രിക്കറ്റിലെ ഗോട്ട് ഇവരാരുമല്ല. മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ജാക്വസ് കല്ലീസാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന് വാർണർ പറയുന്നു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ജിയോ സിനിമക്കു നൽകിയ പ്രത്യേക അഭിമുഖത്തിനിടെയാണ് ക്രിക്കറ്റിലെ ഗോട്ട് ആരെന്ന ചോദ്യത്തിന് താരം ജാക്വസ് കല്ലീസിനെ തെരഞ്ഞെടുത്തത്. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടറും കല്ലീസാണെന്ന് ഓസീസ് താരം പറയുന്നു.
ക്രിക്കറ്റിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ വിസ്മയം തീർത്ത അപൂർവ താരങ്ങളിലൊരാളാണ് കല്ലീസ്. 166 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 13,289 റൺസാണ് താരം അടിച്ചുകൂട്ടിയത്. 55.37 ശരാശരി. 45 സെഞ്ച്വറികളും താരത്തിന്‍റെ പേരിലുണ്ട്. ക്രിക്കറ്റിന്‍റെ ദീർഘ ഫോർമാറ്റിലെ റൺവേട്ടക്കാരനിൽ മൂന്നാമനും ഏറ്റവും കൂടുതൽ സെഞ്ച്വറികളിൽ രണ്ടാമനുമാണ്. ടെസ്റ്റിൽ 292 വിക്കറ്റും നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ വിക്കറ്റ് വേട്ടക്കാരിൽ ആറാമനാണ് കല്ലീസ്. 328 ഏകദിനത്തിൽനിന്ന് 11,579 റൺസ് നേടിയ താരം 17 സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്. 273 വിക്കറ്റുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.