കോഹ്​ലിയുടെ ഒരുവയസ്സ്​ തികയാത്ത മകൾക്കും ബലാത്സംഗ ഭീഷണി; സൈബർ ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട്​ വനിതാ കമീഷൻ നോട്ടീസ്​

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്​ലിക്കും കുടുംബത്തിനും നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.

ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പാകിസ്​താനോട്​ തോറ്റതിന്​ പിന്നാലെ പേസർ മുഹമ്മദ് ഷമിക്ക്​ നേരെ സൈബർ ആക്രമണമുണ്ടായിരുന്നു. സംഭവത്തിന്​ പിന്നാലെ ഷമിയെ അനുകൂലിച്ചതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ കോഹ്​ലിക്കും കുടുംബത്തിനും അധിക്ഷേപം നേരിടേണ്ടി വന്നത്.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം അതീവ ഗുരുതരമാണെന്നും ഉടനടി ശ്രദ്ധ നൽകേണ്ടതാണെന്നും വനിതാ കമീഷൻ അഭിപ്രായപ്പെട്ടു. സംഭവം ലജ്ജാകരമാണെന്നും പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ, തിരിച്ചറിയപ്പെട്ടവരുടെയും അറസ്റ്റ് ചെയ്ത കുറ്റവാളികളുടെയും വിവരങ്ങൾ, സ്വീകരിച്ച നടപടികൾ എന്നിവ നവംബർ എട്ടിന് മുമ്പ്​ കമീഷനെ അറിയിക്കണമെന്നതാണ് ഡൽഹി പൊലീസിന് നൽകിയ നോട്ടീസിലെ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ. നോട്ടീസിന്‍റെ പകർപ്പ് കമീഷൻ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്​.

കോഹ്​ലി ഷമിയെ അനുകൂലിച്ചതിന്​ ശേഷം ഇന്ത്യ ന്യൂസിലൻഡിനെതിരെയും തോറ്റിരുന്നു. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകളും മങ്ങി. ഇതോടെ ആരാധകരുടെ രോഷപ്രകടനം അതിരു കടന്ന് ഭീഷണിയായും കോഹ്​ലി-അനുഷ്ക ശർമ ദമ്പതികളുടെ ഒമ്പതുമാസം പ്രായമുള്ള മകൾ വാമികയെ ബലാത്സംഗം ചെയ്യുമെന്ന തരത്തിൽ ആക്രോശങ്ങൾ ഉയർന്നിരുന്നു. ഈ ട്വീറ്റുകൾ ഇപ്പോൾ നിർജീവമാണ്.

Tags:    
News Summary - DCW notice to Delhi Police over cyber attack on Virat Kohli's family daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.