ഹൊബാർട്ട്: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ സിംബാബ്‍വെ-ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. മഴ കാരണം മത്സരം ഒമ്പത് ഓവറായി കുറച്ചിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെ ഒമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണെടുത്തത്. സിംബാബ്‍വെ ബാറ്റിങ് അവസാനിപ്പിച്ചതിന് പിന്നാലെ മഴ വീണ്ടുമെത്തി. ഇതോടെ കളി രണ്ടോവർ കൂടി കുറച്ച് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം ഏഴോവറിൽ 64 റൺസായി നിശ്ചയിച്ചു. ജയത്തിലേക്ക് ദക്ഷിണാഫ്രിക്ക അതിവേഗം അടിച്ചുകയറുന്നതിനിടെ വീണ്ടും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കളി ഉപേക്ഷിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്നോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസെന്ന നിലയിലായിരുന്നു. 18 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 47 റൺസുമായി ക്വിന്റൺ ഡികോക്ക് വിജയത്തിനടുത്ത് വരെ എത്തിച്ചെങ്കിലും മഴ ചതിക്കുകയായിരുന്നു.
ടോസ് നേടിയ സിംബാബ്‍വെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആദ്യ നാല് വിക്കറ്റുകൾ 19 റൺസിനിടെ നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ വെസ്‍ലി മധവേരയുടെ തകർപ്പൻ ബാറ്റിങ്ങാണ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിച്ചത്. താരം 18 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 35 റൺസാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി ലുംഗി എൻഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയന്റ് വീതം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.