പുനെ: ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ പിഴവ് ഇംഗ്ലണ്ട് ആവർത്തിച്ചതോടെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 66 റൺസ് വിജയം. ശിഖർ ധവാനും (98) വിരാട് കോഹ്ലിയും (56) നിലമൊരുക്കിയ ഇന്നിങ്സിൽ നിന്നും കെ.എൽ രാഹുലും (43 പന്തിൽ 62) ക്രുനാൽ പാണ്ഡ്യയും (31 പന്തിൽ 58 നോട്ടൗട്ട്) വിളവ് കൊയ്തതോടെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 317 റൺസ് അടിച്ചുകൂട്ടി. ലോകോത്തര ബാറ്റിങ്നിരയുമായെത്തിയ ഇംഗ്ലണ്ടിന്റെ മറുപടി 42.1 ഓവറിൽ 251ൽ അവസാനിച്ചു.
14.2 ഓവറിൽ 135 റൺസിന് ഒന്ന് എന്ന നിലയിൽ നിന്ന് മധ്യനിര നിരുത്തവാദിത്തപരമായി ബാറ്റുവീശിയതോടെ ഇംഗ്ലണ്ട് തോൽവി ഇരന്നു വാങ്ങുകയായിരുന്നു. വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ക്രുനാൽ പാണ്ഡ്യയും നാലു വിക്കറ്റ് പിഴുത പ്രസീദ് കൃഷ്ണയും അരങ്ങേറ്റം അവിസ്മരണീയമാക്കി.
ഓപണർമാരായ ജോണി ബെയർസ്റ്റോയും (66 പന്തിൽ 94) ജാസൺ റോയ്യും (46) ട്വന്റി20 ശൈലിയിൽ ബാറ്റുവീശിയപ്പോൾ ആദ്യവിക്കറ്റിൽ ഇംഗ്ലണ്ട് സ്കോർ ബോർഡിലെത്തിയത് 135 റൺസ്.
അത്വരെ നന്നായി തല്ലുകൊണ്ട പ്രസീദ് കൃഷ്ണയാണ് റോയ്യെ സബായ സൂര്യകുമാറിന്റെ കൈളിലെത്തിച്ച് ഇന്ത്യക്ക്ബ്രേക്ക്ത്രൂ നൽകിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ വിക്കറ്റ് സമ്മാനിച്ചു. മുഈൻ അലി (30), ക്യാപ്റ്റൻ ഓയിൻ മോർഗൻ (22) എന്നീ മധ്യനിര ബാറ്റ്സമാൻമാരാണ് അൽപമെങ്കിലും പൊരുതിയത്.
ഇന്ത്യക്കായി ശർദുൽ ഠാക്കൂർ മൂന്നും ഭുവനേശ്വർ കുമാർ രണ്ടും വിക്കറ്റ് വീഴ്ത്തി. ക്രുനാൽ പാണ്ഡ്യ ഒരുവിക്കറ്റ് വീഴ്ത്തി. 54 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പ്രസീദിന്റെ പ്രകടനം അരങ്ങേറ്റത്തിലെ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ചതാണ്.
40 ഓവറിൽ 205 റൺസിന് അഞ്ചുവിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യക്കായി അവസാന ഓവറുകളിൽ ആഞ്ഞടിച്ച രാഹുലും പാണ്ഡ്യയും ചേർന്നാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. വെറും 26 പന്തിൽ അർധ ശതകം കുറിച്ച ക്രുണാൽ തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയാണ് തിരികെ നടന്നത്. നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റിന് 317റൺസെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതുക്കെയാണ് സ്കോർ ചെയ്തുതുടങ്ങിയത്. 15.1 ഓവറിൽ ഇന്ത്യൻ സ്കോർ 64 റൺസിലെത്തിയിരിക്കവേ 28 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്.
തുടർന്നെത്തിയ കോഹ്ലിയും (56) ധവാനും (98) ക്രീസിലുറച്ചതോടെ ഇന്ത്യൻ സ്കോർ പതിയെ കുതിച്ചുതുടങ്ങി. അർധ ശതകം കുറിച്ചതിന് പിന്നാലെ കോഹ്ലിയും തൊട്ടുപിന്നാലെ ശ്രേയസ് അയ്യറും (6) മടങ്ങി. സെഞ്ച്വറിയിലേക്ക് ബാറ്റുവീശിയിരുന്ന ധവാനെ ബെൻസ്റ്റോ്ക്സ് മോർഗന്റെ കൈകളിലെത്തിക്കുകയായിരുന്നു.
തൊട്ടുപിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ ഒരു റൺസുമായി മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായെങ്കിലും രാഹുലും ക്രുണാലും ചേർന്ന് ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു. ഇംഗ്ലണ്ടനായി സ്റ്റോക്സ് മൂന്നും മാർക്വുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.