ദുബൈ: സുപ്പർ ഒാവറിലേക്ക് നീണ്ട ആവേശത്തിനൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി കാപിറ്റലിന് ജയം. വിജയസാധ്യത മാറിമറിഞ്ഞ മത്സരത്തിൽ ബാറ്റിലും ബൗളിലും നിറഞ്ഞാടിയ ഡൽഹിയുടെ മാർകസ് സ്റ്റോയിണിസാണ് വിജയശിൽപിയായത്.
ആദ്യം ബാറ്റുചെയ്ത ഡൽഹി എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മുൻ നിര തകർന്നടിഞ്ഞപ്പോൾ 21 പന്തിൽ 53 റൺസടിച്ച സ്റ്റോയിണിസാണ് സ്കോർ പൊരുതാവുന്ന നിലയിലെത്തിച്ചത്. പൃഥ്വി ഷാ (5), ശിഖർ ധവാൻ (0), ഷിംറോൺ ഹെറ്റ്മയർ (7), ശ്രേയസ് അയ്യർ (39), ഋഷഭ് പന്ത് (31), അക്സർ പേട്ടൽ (6) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എളുപ്പം തകർന്നു. അഞ്ചിന് 55ലേക്ക് പതിച്ച ടീമിനെ ഒാപണർ മായങ്ക് അഗർവാളാണ് (60 പന്തിൽ 89) വിജയ വക്കിലെത്തിച്ചത്. അവസാന ഒാവറിൽ 13 റൺസ് വേണമെന്നിരിക്കെ സ്റ്റോയിണിസ് എറിഞ്ഞ ഒാവറിൽ മൂന്ന് പന്തിൽ മായങ്ക് സ്കോർ ഒപ്പമെത്തിച്ചു. എന്നാൽ, പിന്നീടാണ് ട്വിസ്റ്റ്. അഞ്ചും ആറും പന്തിൽ മായങ്കും ക്രിസ് ജോർഡനും (5) പുറത്ത്.
കളി സൂപ്പർ ഒാവറിൽ. അവിടെ പഞ്ചാബ് ദയനീയമായി പരാജയപ്പെട്ടു. റബാദ എറിഞ്ഞ മൂന്ന് പന്തിൽ രാഹുലും നികോളസ് പൂരാനും പുറത്തായതോടെ പഞ്ചാബ് രണ്ട് റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് മൂന്ന് പന്തിൽ ലക്ഷ്യം കണ്ടെത്താനായി. അർധസെഞ്ച്വറിയും നിർണായക രണ്ടു വിക്കറ്റും വീഴ്ത്തിയ സ്റ്റോയിണിസ് തന്നെ വിജയശിൽപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.