ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ വെറ്ററൻ താരം ദിനേശ് കാർത്തിക്കിനെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകർ. ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ ആദ്യ മത്സരത്തിൽ കാർത്തിക് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ കളിയിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ ആർ.സി.ബിയെ വിജയത്തിലെത്തിക്കാനും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർക്കായി. മുതിർന്ന താരങ്ങൾ ഉൾപ്പെടെ കാർത്തികിന്‍റെ പ്രകടനത്തെ പ്രശംസിക്കുകയാണ്.
പഞ്ചാബിനെതിരായ ഇന്നലത്തെ മത്സരത്തിൽ നിർണായക സമയത്ത് പുറത്താകാതെ 10 പന്തിൽ 28 റൺസടിച്ചാണ് ദിനേശ് കാർത്തിക് ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. മികച്ച ഫോമിൽ തുടരുകയായിരുന്ന വിരാട് കോഹ്ലി (77) പുറത്തായതിനെ പിന്നാലെ മത്സരം കടുത്തതായിരുന്നു. പഞ്ചാബ് വിജയത്തിലേക്കെന്ന് തോന്നിപ്പിച്ച സമയത്താണ് ദിനേശ് കാർത്തിക് തട്ടുപൊളിപ്പൻ ബാറ്റിങ് പുറത്തെടുത്തത്.
അവസാന ഓവറിൽ വിജയിക്കാൻ ആർ.സി.ബിക്ക് 10 റൺസായിരുന്നു വേണ്ടത്. ആദ്യ പന്തിൽ തന്നെ അർഷ്ദീപ് സിങ്ങിനെ സിക്സർ പറത്തി കാർത്തിക് സമ്മർദമൊഴിവാക്കി. വൈഡിന് പിന്നാലെയുള്ള രണ്ടാം പന്ത് ബൗണ്ടറി കടത്തി കാർത്തിക് ബംഗളൂരു വിജയം പൂർത്തിയാക്കുകയായിരുന്നു.
ചെന്നൈക്കെതിരായ ആദ്യ കളിയിൽ 26 പന്തിൽ നിന്ന് പുറത്താകാതെ 38 റൺസാണ് ദിനേശ് കാർത്തിക് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങിയതാണ് ഇന്നിങ്സ്. 173 എന്ന ഭേദപ്പെട്ട സ്കോറിൽ ടീമിനെ എത്തിച്ചെങ്കിലും ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.
ന്യൂസിലാൻഡ് മുൻ താരവും കമന്‍റേറ്ററുമായ സൈമൺ ഡോൾ ദിനേശ് കാർത്തിക്കിനെ പുകഴ്ത്തി രംഗത്തെത്തി. കാർത്തിക്കിന്‍റെ പരിചയ സമ്പന്നത ഇന്നലത്തെ മത്സരത്തിൽ നിർണായകമായെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഓവറുകളിൽ ബൗളർമാർ എങ്ങനെ ചിന്തിക്കുമെന്ന് അറിയാൻ കാർത്തികിന് കഴിഞ്ഞു. എം.എസ്. ധോണിയുടെ ഫിനിഷിങ് ശൈലിയിലുള്ള ബാറ്റിങ്ങാണ് കാർത്തിക് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.