'നിങ്ങൾക്കത് ടൈംപാസ്'; രോഹിതും കോഹ്‍ലിയും തമ്മിലുള്ള 'ഭിന്നത'യെ കുറിച്ച് രവി ശാസ്ത്രി

കിങ് കോഹ്‍ലിയും ഹിറ്റ്മാൻ രോഹിതുമാണ് ഇപ്പോൾ ഇന്ത്യൻ ടീമിലെ മെഗാ-സൂപ്പർസ്റ്റാറുകൾ. രണ്ടുപേർക്കും ഒരു പോലെ ഇന്ത്യയിലാകമാനം ആരാധകരുണ്ട്. ഇരുവർക്കും കരിയറിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. റെക്കോർഡുകളുടെ കണക്ക് പുസ്തകത്തിൽ കോഹ്‍ലിയാണ് മുമ്പൻ. താരത്തെ ഈ യുഗത്തിലെ ക്രിക്കറ്റ് ഇതിഹാസമെന്നും വിശേഷപ്പിക്കപ്പെടുന്നു.

എന്നാൽ, ഹിറ്റ്മാൻ ഒട്ടും പുറകിലല്ല. രോഹിതിന് ഹിറ്റ്മാൻ എന്ന പേര് വന്നത് തന്നെ ചില തകർപ്പൻ റെക്കോർഡുകൾ കാരണമാണ്. ഏകദിനത്തിൽ മൂന്ന് ഇരട്ട ശതകങ്ങൾ കുറിച്ചയാളാണ് അദ്ദേഹം. കൂടാതെ സിക്സറുകളുടെ തമ്പുരാൻ കൂടിയാണ് താരം.

കോഹ്‍ലിയും രോഹിതും തമ്മിലുള്ള താരതമ്യങ്ങൾ കാലങ്ങളായി നിലനിൽക്കുന്നതാണ്, അതുപോലെ തന്നെ പല സമയങ്ങളിലായി ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ചായ രവി ശാസ്ത്രി അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകൾ രവി ശാസ്ത്രി വീണ്ടും തള്ളുകയാണ് ചെയ്തത്. നിങ്ങൾ ആരാധകർ അത് ടൈംപാസിനായി നീട്ടി കൊണ്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സ്റ്റാർ ബാറ്റർമാർ തമ്മിലുള്ള ബന്ധത്തില്‍ യാതൊരു പ്രശ്‌നവുമില്ല. സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നവരാണവര്‍. വെറുതെ കെട്ടുകഥകളുണ്ടാക്കുകയാണ്. ഇതൊന്നും വിശദീകരിച്ച് പറയേണ്ട കാര്യങ്ങളേയല്ല. വിലപ്പെട്ട സമയം വെറുതെ പാഴാക്കാന്‍ താല്‍പര്യമില്ല. എന്നാൽ, അവർ തമ്മിലുള്ള ഭിന്നത വളരെ നിസാരമായ കാര്യത്തിലാണെന്നും മുൻ കോച്ച് വെളിപ്പെടുത്തി.

പിച്ചിലും പുറത്തും രോഹിതും വിരാടും നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, എല്ലാ ഫോർമാറ്റിലെയും നായകസ്ഥാനത്ത് നിന്നും കോഹ്‍ലിയെ മാറ്റി രോഹിതിനെ പ്രതിഷ്ഠിച്ചതോടെ ഇരുവരും തമ്മിലുള്ള ഭിന്നതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരാൻ തുടങ്ങി. കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ തിളങ്ങിയ കോഹ്‍ലിയെ രോഹിത് എടുത്തുയർത്തിയ രംഗം ക്രിക്കറ്റ് പ്രേമികളും മാധ്യമങ്ങളുമെല്ലാം ആഘോഷിച്ചിരുന്നു. എങ്കിലും ഇരു താരങ്ങളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ എപ്പോഴും ചൂടേറിയ ചർച്ചകളിലാണ്. 

Tags:    
News Summary - I don't want to waste my time on that; Ravi Shastri on Virat Kohli-Rohit Sharma debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.