സഞ്ജു വെടിക്കെട്ട്; സെഞ്ച്വറിക്കരികെ (83 പന്തിൽ 89*); ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി മികച്ച നിലയിൽ

അനന്തപൂര്‍: ദുലീപ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഡി മികച്ച നിലയിൽ. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യ ബിക്കെതിരെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഡി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്തിട്ടുണ്ട്.

ഏകദിന ശൈലിയിൽ ബാറ്റു വീശുന്ന സഞ്ജു മൂന്നു സിക്സും 10 ബൗണ്ടറിയുമടക്കം 83 പന്തിൽ 89 റൺസുമായി ക്രീസിലുണ്ട്. 11 റൺസകലെ സഞ്ജുവിനെ കാത്തിരിക്കുന്നത് ദുലീപ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടമാണ്. 56 പന്തിൽ 26 റൺസുമായി സാരാൻശ് ജെയിനാണ് ക്രീസിലുള്ള മറ്റൊരു താരം. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50), ശ്രീകര്‍ ഭരത് (105 പന്തിൽ 52), റിക്കി ഭൂയി (87 പന്തിൽ 56) എന്നിവരും ഡിക്കായി അർധ സെഞ്ച്വറി നേടി. നായകൻ ശ്രേയസ്സ് അയ്യർ ഒരിക്കൽകൂടി നിരാശപ്പെടുത്തി.

പതിവില്‍നിന്ന് വ്യത്യസ്തമായി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടും താരത്തിന് അക്കൗണ്ട് തുറക്കാനായില്ല. അഞ്ചു പന്തുകൾ നേരിട്ട താരം റണ്ണൊന്നും എടുക്കാതെ മടങ്ങി. ആറാമനായിട്ടായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആദ്യം റിക്കി ഭൂയിക്കൊപ്പവും പിന്നീട് സാരാന്‍ശ് ജെയിനൊപ്പവും മികച്ച കൂട്ടുകെട്ടുയര്‍ത്തി സഞ്ജു. ആറാം വിക്കറ്റിൽ ഇതുവരെ ഇരുവരും 81 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 19 റൺസെടുത്ത നിഷാന്ത് സിന്ദുവാണ് പുറത്തായ മറ്റൊരു താരം.

ഇന്ത്യ ബി ക്കായി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് നേടി. മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ഇന്ത്യ സിക്കെതിരെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എ 77 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തിട്ടുണ്ട്. ശാശ്വത് റാവത്തിന്‍റെ സെഞ്ച്വറിയാണ് ടീമിനെ വലിയ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയത്. 235 പന്തിൽ 122 റൺസുമായി താരം ക്രീസിലുണ്ട്.

Tags:    
News Summary - Duleep Trophy 2024: Sanju Samson Half Century; India D 7/224

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.