ധർമശാല: ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓൾ റൗണ്ടർ ഒലീ റോബിൻസണിന് പകരം പേസർ മാർക്ക് വുഡ് ടീമിൽ തിരിച്ചെത്തി.
റാഞ്ചി ടെസ്റ്റിൽ റോബിൻസണിന് വിക്കറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ പേസർ ജസ്പ്രീത് ബുംറ തിരിച്ചെത്തും. കർണാടകയുടെ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ ടെസ്റ്റ് കളിക്കുമെന്നാണ് പുറത്തുവരുന്നു വിവരം. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും കെ.എൽ. രാഹുലും അഞ്ചാം ടെസ്റ്റിലും കളിക്കില്ല. രണ്ടു ദിവസം മുമ്പ് തന്നെ ആയിരക്കണക്കിന് ഇംഗ്ലീഷ് ആരാധകരാണ് ധർമശാല കുന്നിലേക്ക് ഒഴുകിയെത്തിയത്.
ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സ്റ്റേഡിയത്തിന്റെ സൗന്ദര്യവും ഇംഗ്ലീഷ് കാണികളെ ആകർഷിക്കുന്നു. കേപ്ടൗണിലെ ന്യൂലാൻഡ്സ് ആണ് ഇഷ്ട സ്റ്റേഡിയമെങ്കിലും ധർമശാലയിലെ എച്ച്.പി.സി.എ സ്റ്റേഡിയം പോലെ മനോഹരം മറ്റൊന്നല്ലെന്ന് നൂറാം ടെസ്റ്റിന് തയാറെടുക്കുന്ന ജോണി ബെയർസ്റ്റോ പറഞ്ഞു. ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിനും നൂറാം ടെസ്റ്റാണിത്. ധർമശാലയിലെ രണ്ടാം ടെസ്റ്റ് മത്സരമാണ് നാളത്തേത്.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), ബെൻ ഫോക്‌സ്, ടോം ഹാർട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ, ശുഐബ് ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.