സ്റ്റുവർട്ട് ബ്രോഡ് കളി നിർത്തുന്നു; അഞ്ചാം ആഷസോടെ വിരമിക്കും

ലണ്ടൻ: മികച്ച പേസ് ബൗളർമാരിലൊരാളായ ഇംഗ്ലണ്ടിന്‍റെ സ്റ്റുവർട്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. ആഷസ് പരമ്പരയില്‍ ഇപ്പോൾ നടക്കുന്ന അഞ്ചാം മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്ന് താരം വ്യക്തമാക്കി.

പതിനേഴ് വർഷത്തെ കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ വീഴ്ത്തിയാണ് 37കാരനായ ബ്രോഡ് കളി മതിയാക്കുന്നത്. ഏകദിനത്തിൽനിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. ആഷസ് പരമ്പരയിൽ 150ലേറെ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ബൗളറാണ്. മൂന്നാം ദിനം സ്റ്റമ്പ് എടുത്തതിന് പിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് ബ്രോഡ് തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ആദ്യ ഇന്നിങ്‌സിൽ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2007ൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രോഡ് 167 മത്സരങ്ങളിൽ നിന്ന് ഇതുവരെ 602 വിക്കറ്റുകളാണ് നേടിയത്. എട്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒരു തവണ മാജിക്കൽ സംഖ്യയായ പത്ത് വിക്കറ്റ് നേട്ടവുമുണ്ട്. 2016ലാണ് ബ്രോഡ് അവസാനമായി ഏകദിനം കളിച്ചത്. 178 വിക്കറ്റുകൾ ഏകദിനത്തിൽ വീഴ്ത്തി.

ട്വന്‍റി20യിൽ 56 മത്സരങ്ങളും. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി 845 വിക്കറ്റുകൾ നേടി. ട്വന്‍റി20യിൽ യുവരാജ് സിങ് ബ്രോഡിന്‍റെ ഒരോവറിൽ ആറു സിക്സുകൾ നേടിയിരുന്നു. വിരമിക്കുന്നതിനെക്കുറിച്ച് ഏതാനും ആഴ്ചകളായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതാണ് പറ്റിയ സമയമെന്നും ബ്രോഡ് പ്രതികരിച്ചു.

Tags:    
News Summary - England pacer Stuart Broad announces retirement after the Ashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.